കൊച്ചി: പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് പുരോഗതിയുടെ പാതയില്‍ രാഷ്ട്രനിര്‍മാണം സാധ്യമാക്കുന്നതില്‍ രോഗപ്രതിരോധത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് പെരുമ്പാവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. രോഗങ്ങളില്‍ നിന്നും സമൂഹം പ്രതിരോധം കൈവരിക്കുന്നതിലൂടെ വിവിധരംഗങ്ങളില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും അതിലൂടെ പുരോഗതി സാധ്യമാക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് പെരുമ്പാവൂര്‍ മാര്‍ത്തോമ്മ വനിതാ കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി നയിക്കുകയായിരുന്നു ഡോ. സിജോ.
കുഞ്ഞിനെ മുലപ്പാലൂട്ടുന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടിയെങ്കില്‍ 15 വയസു വരെയുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതിലൂടെ ഈ പ്രതിരോധകവചം പടിപടിയായി ശക്തിപ്പെടുത്താനാകും. വികസിത രാജ്യങ്ങള്‍ക്കൊപ്പമുള്ള ആരോഗ്യസൂചിക കേരളം കൈവരിച്ചതിന് പിന്നില്‍ രോഗപ്രതിരോധ നടപടികളെ കുറിച്ച് പുലര്‍ത്തിയിരുന്ന അനുകൂല മനോഗതിയാണ്. ശാസ്ത്രീയമായ അറിവുകളുടെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനേഷനോട് കുപ്രചാരണങ്ങള്‍ക്ക് വശംവദരായി മുഖം തിരിക്കുന്നത് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍,  മാര്‍ത്തോമ്മ കോളേജ് എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍ ജിസ്‌മോന്‍ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എം. രാജേഷ് എന്നിവരും സംസാരിച്ചു.