ജനങ്ങളുടെ താല്‍പര്യമാണ് സര്‍ക്കാരിന് പ്രധാനം: മന്ത്രി പി. തിലോത്തമന്‍
പത്തനംതിട്ട: ജനങ്ങളുടെ താല്‍പര്യമാണു സര്‍ക്കാരിനു പ്രധാനമെന്നും അല്ലാതെ  കച്ചവടക്കാരുടേതല്ലെന്നം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നാരങ്ങാനം പഞ്ചായത്തിലെ നിലവിലുള്ള മാവേലി സ്‌റ്റോറിന് പകരമായി ഉപഭോക്താവിന് സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടു കൂടി അനുവദിച്ച സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ഉല്‍പന്നങ്ങളുടേയും ഗുണമേന്മ നോക്കി വാങ്ങാന്‍ സപ്ലൈകോയിലൂടെ സാധിക്കും. മാവേലി സ്‌റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളായും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളായും മെച്ചപ്പെടുത്തും. 13 സബ്‌സിഡി ഉല്‍പന്നങ്ങളുടെ കൂടെ ജയ അരിയും കൂടി  ഉള്‍പ്പെടുത്തി 14 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി നടപ്പാക്കി. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിപണന മേഖലയിലേക്ക് സപ്ലൈകോ ചുവടുവച്ചു. നിലവിലുള്ള ബാധ്യതകളെ കണക്കാക്കാതെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുന്നത്.
കേളത്തില്‍ സപ്ലൈകോകള്‍ ഇല്ലാത്ത 18 പഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സപ്ലൈകോകള്‍ കൊണ്ടുവരും. റേഷന്‍കടകളെ നവീകരിച്ചു ഇ- പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കുകയാണ്. ഗോഡൗണുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. റേഷന്‍ കാര്‍ഡുകളെ ഇ-കാര്‍ഡുകളായി മാറ്റും. ഏറ്റവും സുതാര്യത പൊതുവിതരണത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ വില്‍പന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ നിര്‍വഹിച്ചു. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എന്‍ സതീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിധികളായ എ.പി. ജയന്‍, വിക്ടര്‍ ടി.തോമസ്, ബി. ഷാഹുല്‍ ഹമീദ്, കെ.ജി. സുരേഷ്, ശ്രീകാന്ത് കളരിക്കല്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മനോജ് കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ വി.കെ പുരുഷോത്തമന്‍പിള്ള, സംഘാടക സമിതി കണ്‍വീനര്‍ അഭിലാഷ് കെ.നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന എന്നിവര്‍ പങ്കെടുത്തു.