കൊച്ചി: ഐ.ടി സമുച്ചയമായ ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷാ സജ്ജീകരണങ്ങളിലെ മികവും പാളിച്ചകളും വ്യക്തമാക്കി മോക് ഡ്രില്‍. പ്രധാന കെട്ടിട സമുച്ചയങ്ങളിലൊന്നായ വിസ്മയയിലാണ് ഇന്നലെ മൂന്നു മണിയോടെ കൃത്രിമായി സൃഷ്ടിച്ച അഗ്നിബാധയും സുരക്ഷാ നടപടികളും അരങ്ങേറിയത്.
വിസ്മയയിലെ രണ്ടാം നിലയില്‍ സുരക്ഷാ ഗോവണിക്ക് സമീപമാണ് തീ ആദ്യം കണ്ടത്. പുക മണത്ത സെന്‍സറുകള്‍ അപായമണി മുഴക്കി. ജീവനക്കാര്‍ പരിഭ്രാന്തരാകരുതെന്നും ഒഴിഞ്ഞുപോകണമെന്നുമുള്ള സന്ദേശം സ്പീക്കറുകളിലൂടെ എല്ലാ നിലകളിലും മുഴങ്ങി. ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വിവരമെത്തി.
ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സുകള്‍ക്കും ഫയര്‍ എഞ്ചിനുകള്‍ക്കും പൊലീസ് വഴിയൊരുക്കി. 12600 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ബൗസര്‍ അടക്കം മൂന്ന് ഫയര്‍ എഞ്ചിനുകളാണ് വിസ്മയയിലേക്കെത്തിയത്. ഡപ്യൂട്ടി കളക്ടര്‍ ഷീലാദേവിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ വിഭാഗവും സ്ഥലത്തെത്തി. അടിയന്തര സുരക്ഷാ വാതിലുകളടക്കം തുറന്ന് ജീവനക്കാരെ പുറത്തെത്തിക്കാന്‍ പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പ്രയത്‌നിച്ചു.
പുകയില്‍ കുടുങ്ങി ബോധം നഷ്ടപ്പെട്ട മൂന്നു പേരില്‍ രണ്ടു പേരെ കയര്‍ കെട്ടി താഴേക്കിറക്കി. ഒരാളെ സ്ട്രച്ചറില്‍ ഗോവണിയിലൂടെയും താഴെയെത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ സംഘം താഴെ സജ്ജമായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ ഇവരെ ആശുപത്രികളിലേക്ക് നീക്കി. തീ നിയന്ത്രണവിധേയമായതോടെ കെട്ടിടത്തില്‍ വീണ്ടും ആളുകളുണ്ടോ എന്ന കണക്കെടുപ്പ്. ഒരാളെ കാണാനില്ലെന്ന് വ്യക്തമായതോടെ വീണ്ടും തെരച്ചില്‍. ഇയാളെ കൂടി കണ്ടെത്തി ചൂമലിലേറ്റി താഴെയെത്തിച്ചതോടെ ഡ്രില്ലിന് വിരാമം. കേവലം 25 മിനിറ്റു കൊണ്ട് 1348 പേരെയാണ് വിസ്മയയില്‍ നിന്നും പുറത്തെത്തിച്ചത്.
മോക് ഡ്രില്ലിന് ശേഷം ചേര്‍ന്ന യോഗത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ നിലവിലെ സംവിധാനത്തിന്റെ  മികവും പിഴവുകളും വിലയിരുത്തി. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ സ്ഥിരമായ ആംബുലന്‍സ് സേവനം വേണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്ക്  അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം നല്‍കണമെന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് കൃത്യമായ സന്ദേശങ്ങള്‍  നല്‍കണമെന്നും യോഗം വിലയിരുത്തി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, ഫയര്‍ അന്റ് റസ്‌ക്യു വിഭാഗം  അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ സിദ്ദ കുമാര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, അഡീഷണല്‍ ഡിഎംഒ  എസ് ശ്രീദേവി, ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ നിരീക്ഷകനായി അങ്കമാലി ഫയര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ രാമകൃഷ്ണന്‍, ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റെജി തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.