ശബരിമലയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കിയതിന്റെ ഭാഗമായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കേന്ദ്ര-കേരള സേനകള്‍ സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. ഇതോടൊപ്പം ബോംബ് ഡിസ്പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് വ്യാപകമായ പരിശോധനകളും നടത്തി. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍.ഡി.ആര്‍.എഫ്), റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍.എ.എഫ്), കേരള പോലീസ് സേന, കേരള പോലീസിന്റെ കമാന്‍ഡോകള്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്‌ക്യു ഫോഴ്സ്, ക്വിക് റെസ്പോണ്‍സ് ടീം എന്നീ സേനാവിഭാഗങ്ങളാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.

സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ്, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേശ്, കമാന്‍ഡോ ഇന്‍സ്പെക്ടര്‍ വി.ജി. അജിത് കുമാര്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് എം.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന നടത്തിയത്.

സന്നിധാനം വാവര്‍ നടയില്‍നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച് കൊപ്രക്കളം വഴി പാണ്ടിത്താവളം ഉരല്‍ക്കുഴി വരെ പരിശോധന നടത്തി. തുടര്‍ന്ന് മാഗുണ്ട നിലയം വഴി അന്നദാന കേന്ദ്രത്തിലെത്തി. അവിടെനിന്ന് ഭസ്മക്കുളം, ബെയിലി പാലം വഴി ചന്ദ്രാനന്ദന്‍ റോഡ് വഴി മരക്കൂട്ടത്തിലെത്തി. തിരിച്ച് ശരംകുത്തി വഴി വലിയ നടപ്പന്തലില്‍ പ്രവേശിച്ച് കൊപ്രക്കളം വഴി പുതിയ ഫോറസ്റ്റ് ഐ.ബി വരെ മാര്‍ച്ച് ചെയ്ത് വാവര് നടയില്‍ സമാപിച്ചു. ഡിസംബര്‍ ആറിന് രാജ്യവ്യാപകമായി നടത്തുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായിട്ടാണ് സന്നിധാനത്ത് റൂട്ട് മാര്‍ച്ച് നടത്തിയത്.