ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ സ്വാമി അയ്യപ്പന്  പ്രധാന വഴിപാടായി കൊണ്ടുവരുന്ന അരി  ശേഖരിക്കാന്‍ സന്നിധാനത്തും മാളിക പുറത്തുമായി 12 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  സന്നിധാനത്തും മാളികപുറത്തും ഫ്‌ളൈ ഓവറിന് ഇരുവശത്തും നാല് അരിശേഖരണ കേന്ദ്രങ്ങളുണ്ട്. മഹാ കാണിക്ക, വലിയ നടപന്തല്‍ ധനലക്ഷമി ബാങ്കിന് സമീപം, അയ്യപ്പസേവാസംഘം അന്നദാന കേന്ദ്രം  മാളികപ്പുറത്തിന് സമീപം മാഗുണ്ട നിലയം, 108 പടികള്‍ എന്നിങ്ങനെ അയ്യപ്പന്മാ ര്‍ വിരിവെക്കുന്ന ഇടങ്ങളില്‍ തന്നെ വഴിപാട് അരി ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങളുണ്ട്.  ഉണക്കലരിയും പച്ചരിയും പ്രത്യേകമാണ് ശേഖരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരും ദിവസ വേതനക്കാരും വഴിപാട് അരി ചാക്കുകളില്‍ ശേഖരിച്ച് ട്രാക്ടറില്‍ സ്റ്റോര്‍ റൂമില്‍ എത്തിച്ച് കഴുകി വൃത്തിയാക്കുന്നു. വെള്ളയരി വെള്ള നിവേദ്യത്തിനും ഉണക്കലരി അരവണയിലും ഉപയോഗിക്കും. അധികം വരുന്ന അരി ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. അയ്യപ്പഭക്തര്‍ വഴിപാട് അരി നിര്‍ദ്ദിഷ്ട ശേഖരണ കേന്ദ്രങ്ങളില്‍ തന്നെ നിക്ഷേപിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.