കേരളത്തിലെ മുഴുവൻ ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പെടുത്തുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന തലയാട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 19 റോഡുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ സർക്കാർ ആശുപത്രികളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പടിപടിയായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി മാറ്റി കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങൾ കേരളം കൈവരിച്ചു കഴിഞ്ഞു. ഇനി രോഗം വരാതിരിക്കാനുള്ള ചുറ്റുപാട് ഉണ്ടാകണം. ഇതിന് വിഷം കലർന്ന പച്ചക്കറികൾക്ക്‌ പകരം പുരയിടത്തിൽ അവശ്യവസ്തുക്കൾ ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ കൃഷിയിലേക്ക് തിരിച്ചു പോകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ഭരണസംവിധാനങ്ങൾ അഴിമതി തടയുന്നതിനുള്ള നിലപാടെടുക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി എടുക്കുമ്പോൾ അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

20 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പനങ്ങാട് ഗ്രാമപഞ്ചായത്ത് ആണ് കാലപ്പഴക്കം കൊണ്ട് ജീർണ്ണവസ്ഥയിലായ കെട്ടിടം നവീകരിച്ചത്. അഞ്ചാം വാർഡിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഉസ്മാൻ, സ്ഥിരംസമിതി അംഗം എ.എൽ വിലാസിനി, പഞ്ചായത്ത് അംഗങ്ങളായ പി.ആർ സുരേഷ്, ടി.കെ ബിജു, അഡീഷണൽ ഡി.എം.ഒ ഡോ.ആശാ ദേവി, പബ്ലിക് ഹെൽത്ത് ഓഫീസർ കെ പി മോഹനൻ, വയലട മെഡിക്കൽ ഓഫീസർ ഡോ.നിഷ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.