സമ്പദ് വ്യവസ്ഥയുടെ രീതിശാസ്ത്രം മാറുന്നതനുസരിച്ച് ഭാഗ്യക്കുറിക്ക് കൂടുതല്‍ പ്രസക്തമായ പങ്കുവഹിക്കാന്‍ കഴിയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജില്ലാതല സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതാണ് സമ്പത്ത് വ്യവസ്ഥയുടെ രീതിശാസ്ത്രം. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ആഗമനത്തോടെ ഈ ചാക്രിക പ്രക്രിയയ്ക്ക് ചെറിയ മാറ്റം വന്നു. ബാങ്കുകളില്‍ നിന്ന് ഓഹരി കമ്പോളത്തിലേക്ക് ആയി പണമൊഴുക്ക്. പണം സമൂഹത്തില്‍ കുറച്ചുപേരുടെ കയ്യില്‍ കേന്ദ്രീകരിക്കപ്പെട്ടു. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെങ്കില്‍ പൊതു വിദ്യാഭ്യാസം, പൊതു ആരോഗ്യം എന്നീ മേഖലകള്‍ അവഗണിക്കപ്പെടും. ഇത്തരമൊരു അവസ്ഥക്ക് ബദലായി പുതിയ ഒരു രീതിശാസ്ത്രം ആവശ്യമാണ്.

ബദല്‍ കാണാന്‍ കേരളം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബിയിലൂടെ പദ്ധതികള്‍ നടപ്പാക്കുന്നത്. നാട്ടിലെ പണം നാടിന്റെ ആവശ്യത്തിന് ചെലവാക്കുന്ന രീതിയാണിത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ 5 ലക്ഷം കോടി രൂപയുണ്ട്. പൊതുവിദ്യാഭ്യാസവും പൊതു ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പണം തന്നെ ശേഖരിക്കാന്‍ സര്‍ക്കാര്‍ അവലംബിച്ച ഈ പുതിയ രീതി കൊണ്ട് സാധിക്കുന്നു. ലോകത്തിന് തന്നെ മാതൃകയാകുന്ന സംവിധാനമാണിത്. നാട്ടുകാരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരമൊരു സമ്പദ് വ്യവസ്ഥയില്‍ ഭാഗ്യക്കുറിയുടെ പ്രസക്തിയും സാധ്യതയും വര്‍ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുകയറ്റത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്കിന്റെ വീഡിയോസന്ദേശം പ്രദര്‍ശിപ്പിച്ചു. ലോട്ടറി മാഫിയ നടത്തുന്ന ഭാഗ്യക്കുറികളുടെ നേട്ടം മുഴുവന്‍ മാഫിയയുടെ പോക്കറ്റുകളില്‍ ആണ് എത്തുന്നത്. എന്നാല്‍ കേരള ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും മാറ്റപ്പെടുന്നു എന്ന് മന്ത്രി പറഞ്ഞു. ആശ്രിതത്വ മനോഭാവം സൃഷ്ടിക്കില്ലെന്ന് കേരള ഭാഗ്യക്കുറി ഉറപ്പുവരുത്തുന്നുണ്ട്.
കാരുണ്യ പദ്ധതിയിലൂടെ നല്‍കുന്ന ചികിത്സാ സഹായം വിപുലമാക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ട്. ആര്‍ എസ് ബി വൈ കാര്‍ഡുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സ നല്‍കുന്ന പദ്ധതി കാരുണ്യയിലൂടെ നടപ്പാക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സി രവീന്ദ്രനാഥ് ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ മുതിര്‍ന്ന ഏജന്റുമാരെയും വകുപ്പില്‍നിന്ന് പിരിഞ്ഞുപോയ ജീവനക്കാരെയും ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കി. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എസ് ഷാനവാസ്,, മേഖലഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ സെന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എന്‍ ലത, ജീവന്‍ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എംഡി ബേബി മാത്യു സോമതീരം, നഗരസഭാ കൗണ്‍സിലര്‍മാരായ ഡേവിഡ് പനമ്പിത്തറ, കെ വിപി കൃഷ്ണകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍ നയിച്ച കലാ സാംസ്‌കാരിക പരിപാടി ഭാഗ്യോത്സവവും ഉണ്ടായിരുന്നു