* കൊതുകു നിവാരണം പരമപ്രധാനം- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
പകര്‍ച്ച രോഗ പ്രതിരോധത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പകര്‍ച്ചരോഗ വ്യാപനം തടയാന്‍ കൊതുക് നിവാരണം തന്നെയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി പറഞ്ഞു. രോഗം വരാതെ നോക്കാനുള്ള നടപടികള്‍ ജനപങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഇപ്പോള്‍. മഴക്കാലമെത്തും മുമ്പേ കൊതുകു വളരാനുള്ള സാഹചര്യമാണ് ഒഴിവാക്കേണ്ടത്. വ്യക്തിശുചിത്വത്തില്‍ തുടങ്ങി പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്.
കൊതുക് പ്രജനനം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ക്കുമായി 50 വീടുകള്‍ക്ക് രണ്ടു വീതം ആരോഗ്യ പ്രവര്‍ത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണവും നടത്തുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ക്കും രാഷ്ട്രീയ – സാമൂഹ്യ  പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമാണുള്ളത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ചികിത്സാ മികവും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗൃഹസന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ ജാഗ്രതാ സന്ദേശമുള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്തു. ഇതോടൊപ്പമുള്ള വിവരശേഖരണ ചോദ്യാവലി പൂരിപ്പിക്കുന്നതിന്റെ തുടക്കവും നിര്‍വഹിച്ചു.
കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം, മാലിന്യത്തിന്റെ ഉറവിട നശീകരണം, പ്രതിവാര ഡ്രൈഡേ ആചരണം, മീനുകളെ ഉപയോഗിച്ചുള്ള  കൊതുക് നിയന്ത്രണം, വിവിധ പകര്‍ച്ച രോഗങ്ങളുടെ വ്യാപനത്തിനെതിരെ മുന്‍കരുതല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ബോധവത്കരണ ലഘുലേഖ.
വെള്ളം സംഭരിക്കുന്ന രീതി, വൃത്തി, വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം, പാഴ്‌വസ്തുക്കളുടെ ശേഖരം തുടങ്ങി 16 വിവരങ്ങള്‍ ശേഖരിക്കാനുള്ള ചോദ്യാവലി ഓരോ വീട്ടിലും നല്‍കിയാണ് വിവരശേഖരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യജാഗ്രത ഉറപ്പാക്കാനുള്ള തുടര്‍ പ്രവര്‍ത്തനം.
വീടുകളില്‍ തുടങ്ങുന്ന പ്രവര്‍ത്തനം ഫ്‌ളാറ്റുകള്‍, സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍, പൊതു-നിര്‍മാണ സ്ഥലങ്ങള്‍, തോട്ടങ്ങള്‍, തീരദേശ മേഖല, ചേരികള്‍ തുടങ്ങിയിടത്തേക്കും വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി സത്യദേവന്‍ അധ്യക്ഷയായി. കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പിള്ള, അംഗങ്ങളായ വിജയന്‍ പിള്ള, എച്ച്. ഹുസൈന്‍, ഡി. എം. ഒ. ഡോ. വി. വി. ഷെര്‍ളി, ഡെപ്യൂട്ടി ഡി. എം. ഒ മാരായ ഡോ. ആര്‍. സന്ധ്യ, ഡോ.ജെ. മണികണ്ഠന്‍, ഡോ.സി. ആര്‍. ജയശങ്കര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രമാദേവി, പ്രോഗ്രാം ഓഫീസര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.