വകുപ്പുതല വീഡിയോ കോൺഫറൻസിംഗും വിർച്വൽ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

കൃഷിവകുപ്പിൽ ഇനി ഉദ്യോഗസ്ഥതല യോഗങ്ങളും കർഷകരുൾപ്പടെയുള്ളവർക്കുള്ള പരിശീലന പരിപാടികളും ഓൺലൈനായി സംഘടിപ്പിക്കും.  ഇതിനായി കൃഷിമന്ത്രി, കാർഷികോല്പാദന കമ്മീഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ട്രേറ്റ്, പതിനാല് ജില്ലാ കൃഷിഓഫീസുകൾ, എസ്.എഫ്.എ.സി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം പ്രവർത്തനസജ്ജമായി.  പ്രവർത്തനോദ്ഘാടനം മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു.

ഓൺലൈനായി പരിശീലന പരിപാടി നടത്തുന്നതിന് കൃഷി ഡയറക്ടറേറ്റിൽ തയ്യാറാക്കിയ വിർച്വൽ ക്ലാസ്‌റൂം സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു.  ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.  2020 മാർച്ചിനുള്ളിൽ വകുപ്പിൽ മുഴുവൻ ഇ-ഗവേണൻസ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.   കൃഷി ഉദ്യോഗസ്ഥരെ ചർച്ചകൾക്കായി വകുപ്പ് ആസ്ഥാനത്തേക്ക് വിളിക്കുന്നത് ഒഴിവാക്കി ഓൺലൈനായി സംവദിക്കാമെന്നത് കൂടുതൽ സമയം ലാഭിക്കാനാകും.

ഈ സംവിധാനങ്ങൾ കൃഷിവകുപ്പിനു കീഴിലെ പരിശീലന കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കും.  കേരളത്തിലുടനീളമുള്ള കർഷകർക്കും ഉദ്യോഗസ്ഥർക്കും തൽസമയം പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനും പരസ്പരം സംവദിക്കുന്നതിനും സാധിക്കും.  കൃഷിമന്ത്രി വിളിപ്പുറത്ത,് ഓൺലൈൻ വിപണനം തുടങ്ങിയ ഐ.ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സ്മാർട്ടാകാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

ജനുവരിയിൽ തൃശൂരിൽ നടക്കുന്ന വൈഗ ശില്പശാലയുടെയും പ്രദർശനത്തിന്റെയും ലോഗോയും പരസ്യചിത്രവും മന്ത്രി പ്രകാശനം ചെയ്തു.  വൈഗയുടെ തീം സോങിന്റെ രചന വയലാർ ശരത്ചന്ദ്രവർമ്മയും സംഗീത സംവിധാനം വിദ്യാധരൻ മാഷുമാണ് നിർവഹിച്ചിരിക്കുന്നത്.  ഉദയൻ എടപ്പാളിന്റെ സാൻഡ് ആർട്ടാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ് സ്വാഗതം പറഞ്ഞു.  ഡയറക്ടർ രത്തൻ യു. ഖേൽക്കർ, ജോയിന്റ് ഡയറക്ടർ ബേബി ഗിരിജ, ഐ.ടി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അനിത, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.