പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ്

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുൻസിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13-ൽ കുറയാനോ 23-ൽ കൂടാനോ പാടില്ല. അത് 14 മുതൽ 24 വരെ ആക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയിൽ വർദ്ധിക്കും. ജില്ലാപഞ്ചായത്തിൽ നിലവിൽ അംഗങ്ങളുടെ എണ്ണം 16 -ൽ കുറയാനോ 32-ൽ കൂടാനോ പാടില്ല. അത് 17 മുതൽ 33 വരെ ആക്കാനാണ് നിർദ്ദേശം.

മുൻസിപ്പൽ കൗൺസിലിലും ടൗൺപഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്ക്ക് നിലവിൽ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങൾ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഓരോന്ന് വീതവുമാണ് വർദ്ധിക്കുക. നിലവിൽ 25 അംഗങ്ങളുള്ള മുൻസിപ്പൽ കൗൺസിലിൽ നിർദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേർ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും.

നാല് ലക്ഷത്തിൽ കവിയാത്ത കോർപ്പറേഷനിൽ ഇപ്പോൾ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപ്പറേഷനിൽ ഇപ്പോൾ പരമാവധി 100 കൗൺസിലർമാരാണുള്ളത്. അത് 101 ആകും.

ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഓർഡിനൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നു.

നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എസ്.നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാൻ തീരുമാനിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മീഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീർപ്പുകരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പിനാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിനെ ഗവൺമെന്റ് ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2013 ഏപ്രിൽ ഒന്നിനു മുമ്പ് ജോലിയിൽ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാർക്ക് ഇ.പി.എഫ് പെൻഷന് അർഹത ലഭിക്കുന്നതിന് പെൻഷൻ പ്രായപരിധി 60 വയസ്സായി ഉയർത്താൻ തീരുമാനിച്ചു.

ഐ.എസ്, ഐ.പി.എസ് പ്രൊമോഷൻ പാനൽ

1995 ഐ.എസ് ബാച്ചിലെ എം.ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2004 ഐ.എസ് ബാച്ചിലെ അലി അസ്ഗർ പാഷ, കെ.എൻ. സതീഷ്, ബിജു പ്രഭാകർ എന്നിവരെ സൂപ്പർ ടൈം സ്‌കെയിൽ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2007 ഐ.എസ് ബാച്ചിലെ എൻ. പ്രശാന്തിനെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2002 ഐ.പി.എസ് ബാച്ചിലെ സ്പർജൻ കുമാർ, ഹർഷിതാ അട്ടല്ലൂരി എന്നിവരെ ഐ.ജി ഓഫ് പോലീസ് പദിവിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2007 ഐ.പി.എസ് ബാച്ചിലെ ദബേഷ് കുമാർ ബഹ്‌റ, രാജ്പാൽ മീണ, ഉമ, വി.എൻ. ശശിധരൻ എന്നിവരെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

1995 ഐ.പി.എസ് ബാച്ചിലെ എസ്. സുരേഷ്, എം.ആർ അജിത് കുമാർ എന്നിവരെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

1995 ഐ.എഫ്.എസ് ബാച്ചിലെ രാജേഷ് രവീന്ദ്രന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേയക്ക് സ്ഥാനക്കയം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2006 ഐ.എഫ്.എസ് ബാച്ചിലെ കെ.വിജയാനന്ദൻ, ആർ. കമലാഹർ, പി.പി പ്രമോദ് എന്നിവരെ ഫോറസ്റ്റ് കൺസർവേറ്റർ പദവിയിലേയ്ക്ക് സ്ഥാനക്കയം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി 2020 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ ഓർഡിനനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ജി.എസ്.ടി നിയമത്തിൽ വരുത്തിയ ഭേദഗതികൾ 2020 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരണമെന്ന് ജി.എസ്.ടി കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടു വരുന്നത്.

ആരാധനാലയങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ഭൂമി വ്യവസ്ഥകളോടെ പതിച്ചുനൽകും

ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും ശരിയായ രേഖകളില്ലാത്ത ഭൂമിയിൽ പരമാവധി ഒരു ഏക്കർ വരെ ഓരോന്നിന്റെയും ആവശ്യത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ തീരുമാനിച്ചു.
അതുപോലെ മതസ്ഥാപനങ്ങളും വിവിധ കലാ-സാംസ്‌കാരിക സംഘടനകളും വായനശാലകളും ധർമ്മസ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ശരിയായ രേഖകളില്ലാത്ത ഭൂമിയിൽ, ഓരോ സ്ഥാപനത്തിന്റെയും ആവശ്യം നിറവേറ്റുന്നതിന് വേണ്ട ഭൂമി (ഏറ്റവും കുറഞ്ഞ വിസ്തീർണം) പതിച്ചു നൽകും.
ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും കാര്യത്തിൽ ഭൂമി സ്വാതന്ത്ര്യത്തിനു മുമ്പു മുതൽ കൈവശം വച്ചു വരുന്നതാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ നിലവിലെ ഫെയർ വാല്യുവിന്റെ 10 ശതമാനം ഈടാക്കി പതിച്ചു നൽകും. പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം ഒരു ഏക്കർ ആയിരിക്കും. സ്വാതന്ത്ര്യത്തിനു ശേഷവും കേരളപ്പിറവിയ്ക്കും മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ ഫെയർ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നൽകും.
കേരളപ്പിറവിയ്ക്കു ശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ ഫെയർ വാല്യു ഈടാക്കി പതിച്ചു നൽകും.
1990 ജനുവരി രണ്ടിനു ശേഷവും 2008 ആഗസ്റ്റ് 25 നു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ കമ്പോളവില ഈടാക്കിയാവും പതിച്ചു നൽകുക.
മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും പതിച്ചു നൽകുന്ന ഭൂമി പരമാവധി 50 സെന്റ് ആയിരിക്കും. കലാ – കായിക – സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം 10 സെന്റ് ആയിരിക്കും. ഈ രണ്ടു വിഭാഗത്തിലും പെടുന്ന സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര്യത്തിനു മുമ്പു മുതൽ കൈവശം വച്ചു വരുന്ന ഭൂമി ഫെയർ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നൽകും. സ്വാതന്ത്ര്യത്തിനുശേഷവും കേരളപ്പിറവിയ്ക്കു മുമ്പുമാണെങ്കിൽ ഫെയർ വാല്യുവിന്റെ 50 ശതമാനം അടയ്ക്കണം. കേരള പ്പിറവിയ്ക്കുശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശത്തിലുള്ളതാണെങ്കിൽ ഫെയർ വാല്യു ഈടാക്കും. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന ഭൂമി പതിച്ചു നൽകുമ്പോൾ കമ്പോള വില ഈടാക്കും. ഇങ്ങനെ പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം 15 സെന്റായിരിക്കും. നഗര ഹൃദയങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ പതിച്ചു നൽകില്ല.
പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ സ്ഥാപനം പ്രവർത്തനം നിർത്തുകയോ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ ഭൂമി സർക്കാർ തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ പാട്ടം പുതുക്കി നൽകും. ഭൂമി പതിച്ചു നൽകുന്ന എല്ലാ കേസുകളിലും അനുബന്ധരേഖ സഹിതം വിശദമായ നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾ സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഓരോ കേസിലും സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കും.
നിയമവകുപ്പിന്റെ അഭിപ്രായവും ലാന്റ് റവന്യൂ കമ്മീഷണറുടെ നിർദേശങ്ങളും പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.