പ്രകൃതിക്കേറ്റ പ്രത്യാഘാതങ്ങളെപ്പറ്റി സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തൽ വേണം – ഗവർണർ

വികസനവും സാങ്കേതികവിദ്യയും നൽകിയ ഗുണഫലങ്ങൾക്കൊപ്പം പരിസ്ഥിതിയിലും പ്രകൃതിയിലും അതേൽപ്പിച്ച പ്രത്യാഘാതങ്ങളും സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തൽ നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നടന്ന 45ാമത് അഖിലേന്ത്യാ സോഷ്യോളജി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ നമുക്ക് പുരോഗതി നൽകുമ്പോൾ തന്നെ പ്രകൃതിക്ക് നാശങ്ങളുമുണ്ടാക്കുന്നുണ്ട്.
ലോകത്തെ കൂടുതൽ സുസ്ഥിരവും ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്നതുമായ ക്രിയാത്മകമായ സാംസ്‌കാരിക മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഗവർണർ സാമൂഹ്യശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു.
സാമൂഹ്യശാസ്ത്രത്തെ ശക്തമായ ചരിത്രബോധമായിരിക്കണം നയിക്കേണ്ടത്. സാമൂഹികശാസ്ത്രങ്ങൾ നമുക്ക് നൽകുന്ന അറിവ് എത്ര നന്നായി ഉപയോഗിക്കുന്നു എന്നത് നമ്മെ നയിക്കുന്ന മൂല്യങ്ങളാൽ നിർണ്ണയിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഇന്ത്യൻ സോഷ്യോളജി സൊസൈറ്റി പ്രസിഡൻറ് ഡോ. ആർ. ഇന്ദിര അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ: വി.പി. മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ: ഷാജി വർക്കി, സിൻഡിക്കേറ്റംഗം അഡ്വ: കെ.എച്ച്. ബാബുജാൻ എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ: ആൻറണി പാലയ്ക്കൽ സ്വാഗതവും ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സെക്രട്ടറി ഡോ: ഡി.ആർ. സാഹു നന്ദിയും പറഞ്ഞു.

‘പരിസ്ഥിതി, സംസ്‌കാരം, വികസനം: വ്യവഹാരങ്ങളും പാരസ്പര്യവും’ എന്നതാണ് ഇത്തവണത്തെ സോഷ്യോളജി കോൺഫറൻസിന്റെ പ്രമേയം. കേരളം സമീപകാലത്ത് അഭിമുഖീകരിക്കുന്ന മഹാപ്രളയത്തിന്റെയും പാരിസ്ഥിതിക പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ ‘ശാസ്ത്ര സാങ്കേതിക വെല്ലുവിളികളും കേരളത്തിന്റെ പുനർനിർമിതിയും’ എന്ന വിഷയത്തിൽ ഇന്ത്യയിലെ പ്രഗത്ഭ സമൂഹ ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കുന്ന പ്രത്യേക സിമ്പോസിയം സവിശേഷതയാണ്.

ഇതിൽ ഉരുത്തിരിയുന്ന ചർച്ചകളും നിർദേശങ്ങളും സമാഹരിച്ച് കേരള സർക്കാരിന് സമർപ്പിച്ച് കേരള പുനർനിർമാണ ദൗത്യത്തിന് ശക്തിപകരാനും സമ്മേളനം ലക്ഷ്യമിടുന്നു. കൂടാതെ ‘വികസനവും സാംസ്‌കാരിക വിവക്ഷകളും: അടിസ്ഥാന വർഗ കാഴ്ചപ്പാടിൽ’, ‘നവ ഉദാരവത്കരണ കാലഘട്ടത്തിൽ ദേശീയ പുനർനിർമിതി’ എന്നീ വിഷയങ്ങളിലും സിമ്പോസിയം നടത്തും. ആഗോളതലത്തിൽ പ്രശസ്തനായ സാമൂഹ്യശാസ്ത്ര സൈദ്ധാന്തികൻ പ്രൊഫ: ജെഫ്രി അലക്സാണ്ടർ രണ്ടു പ്രഭാഷണങ്ങൾ നടത്തും. ഇന്ത്യയിലും വിദേശത്തും നിന്നായി 2000ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം 29ന് സമാപിക്കും.