തിരുവനന്തപുരം: ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ആക്ടിവിറ്റി കോര്‍ണറും കാണാന്‍ കാണികളുടെ തിരക്ക്. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ 620 ഓളം വരുന്ന കുരുന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പോസ്റ്റര്‍ രൂപത്തിലുള്ള പ്രദര്‍ശനവും കുട്ടികളുടെ അവതരണവുമാണ് മര്‍ബേസിലസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. ഇന്ത്യയുടെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് ഓരോ പോസ്റ്ററുകളും.
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളും ഇന്ത്യയിലെ കാര്‍ഷിക മേഖലക്ക് മുതല്‍കൂട്ടാവുന്ന നിര്‍ദേശങ്ങളും നിരക്കുന്നതാണ് പ്രദര്‍ശനം.
മാലിന്യ നിര്‍മ്മാര്‍ജനം, അവയുടെ പുനരുപയോഗം, മണ്ണിനും പ്രകൃതിക്കും ദോഷം വരുത്താതെയുള്ള കൃഷി രീതികള്‍, പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദമാര്‍ഗങ്ങളും കുരുന്നു ശാസ്ത്രജ്ഞരുടെ പക്കലുണ്ട്. ഉപയോഗശേഷം ഭക്ഷ്യയോഗ്യമായ സ്പൂണ്‍, ഖാദിതുണികൊണ്ട് നിര്‍മിക്കുന്ന അഗ്രോ ബാഗുകള്‍, മണ്ണിന് ദോഷം വരാത്ത സോപ്പുപൊടി, ബയോ ഹെയര്‍ഡൈ തുടങ്ങി നിരവധി പുത്തന്‍ ആശയങ്ങളാണ് ബാലശാസ്ത്ര കോണ്‍ഗ്രസിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്ന ശാസ്ത്രപ്രതിഭകള്‍ക്ക് ഭാവിയിലേക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധരുടെ സഹായം ഇവിടെയുണ്ട്. തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് പകര്‍പ്പവകാശം, പേറ്റന്റ് എന്നിവ നേടുന്നതിനും അവയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വിദഗ്ധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.