തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്കും കിടപ്പിലായവര്‍ക്കും ഒഴിവാക്കാനാവാത്ത ഡയപ്പര്‍ പ്രകൃതിക്ക് ഒരു ഭീഷണിയാകുന്നുണ്ട്. അതിനൊരു പരിഹാരവുമായിട്ടാണ് കാസര്‍കോട് ചായോത്ത് എച്ച് എസ് എസ് സ്‌കൂളില്‍ നിന്നും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന് നിരജ്ഞനെത്തിയത്. തികച്ചും പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ഡയപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത് കവുങ്ങിന്‍ കൂമ്പാള ഉപയോഗിച്ചാണ്. കുറഞ്ഞ നിര്‍മ്മാണ ചെലവില്‍ പ്രകൃതിയില്‍ നിന്നും കിട്ടുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഇവ നിര്‍മ്മിക്കാം എന്നതാണ് ഒരു സവിശേഷത. ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിച്ചാലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവ മണ്ണിലലിഞ്ഞു ചേരും.
കവുങ്ങില്‍ കൂമ്പാള വീണു കിട്ടിയാല്‍ അവ മൃദുവാകുന്നതിന് ചുണ്ണാമ്പ് വെള്ളത്തില്‍ ഇട്ടു വെക്കുന്നു. വീണ്ടു വെയിലത്ത് വെച്ച് ഉണക്കുന്ന പാള വീണ്ടും മൃദുവാകുന്നതിനും ചര്‍മ്മത്തിന് പ്രശ്‌നങ്ങളില്ലാതിരിക്കുന്നതിനും വേണ്ടി ഗ്ലിസറിന്‍ ചേര്‍ക്കുന്നു. ഇങ്ങനെ മൃദുവാകുന്ന പാളയിലേക്ക് ഉപയോഗത്തിനനുസരിച്ചുള്ള ലയറുകള്‍ വെക്കുന്നു. ഒരു തവണ ഉപയോഗിക്കുന്നതിനായി പഞ്ഞിയും മരുന്നുകൂട്ടുകളും അടങ്ങിയ രീതിയാണ് ഉപയോഗിക്കുന്നത്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഡയപ്പറുകളില്‍ ടര്‍ക്കി തുണികളും മറ്റുമാണ് ഉപയോഗിക്കുന്നത്. 40 രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. ഇവ ഏറ്റവും കുറഞ്ഞത് ഒരു മാസം വരെ ഉപയോഗിക്കാന്‍ കഴിയുമെന്നും ഒമ്പതാം ക്ലാസുകാരനായ നിരജ്ഞന്‍ പറയുന്നു.