കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള  ഏകദിന പരിശീലന പരിപാടി ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ്  പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1250 വൃക്ഷത്തൈകളാണ് നട്ട് പരിപാലിച്ചു വരുന്നത്.

അനുബന്ധമായി സംഘടിപ്പിച്ച പരിശീലന ക്ലാസ്സ് ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ നയിച്ചു. ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് ഓവർസിയർ പ്രേംകുമാർ മറുപടി നൽകി. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ,  ജനപ്രതിനിധികൾ, മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ  അനിത, പ്രദേശത്തെ കർഷകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.