ശല്യക്കാരനായ പാറ്റ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് കുവൈറ്റ് ഭാരതീയ വിദ്യാഭവനിലെ ശ്രേയ. നമ്മള്‍ മികച്ച ജൈവ വളമെന്ന് കരുതുന്ന ചാണകത്തെയും മണ്ണിര കമ്പോസ്റ്റിനെയും കടത്തിവെട്ടാന്‍ പാറ്റക്ക് കഴിയുമെന്ന് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഈ 11-ാം ക്ലാസുകാരി അവതരിപ്പിച്ച പ്രബന്ധത്തില്‍ സ്ഥാപിക്കുന്നു.
ചാണകത്തെക്കാളും മണ്ണിര കമ്പോസ്റ്റിനെക്കാളും മൂന്നിരട്ടി പ്രോട്ടീനും ലവണാംശവും പാറ്റയെ ഉണക്കിപൊടിച്ച വളത്തിനുണ്ടാകുമെന്ന് ശ്രേയ പറയുന്നു. പ്രെട്രോളിയം ജെല്ലിയുള്ള കുപ്പിയില്‍ ഭക്ഷണം വെച്ചാണ് പാറ്റയെ ആകര്‍ഷിക്കുക. കുപ്പിയില്‍ കുടുങ്ങുന്ന പാറ്റയെയാണ് ഉണക്കി വളമാക്കുന്നത്.
കൂടാതെ വീട്ടിലെ പാറ്റ ശല്യം അകറ്റാനും ശ്രേയയുടെ കൈയ്യില്‍ വഴിയുണ്ട്.
വഴനയിലയും നാരങ്ങയും ഉണക്കിപ്പൊടിച്ച് സ്റ്റാര്‍ച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ഉരുളകള്‍ പാറ്റശല്യമുള്ള ഇടങ്ങളില്‍ നിക്ഷേപിച്ചാല്‍ പാറ്റയുടെ സാന്നിധ്യം ഒഴിവാക്കാനാകും. കുടിവെള്ളത്തില്‍ ഉണ്ടാകുന്ന ഇ-കോളി ബാക്ടീരിയയെ ഒഴിവാക്കാനും ഇവക്ക് കഴിയുമെന്ന് ശ്രേയ പറയുന്നു. ഇതിനുവേണ്ട ശാസ്ത്രീമായ റിപ്പോര്‍ട്ടുകള്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരായ സെന്തില്‍, പ്രിയ ലക്ഷ്മി എന്നിവരുടെ മാര്‍ഗനിര്‍ദേശത്തിലാണ് ശ്രേയ പഠനം പൂര്‍ത്തിയാക്കിയത്. കുവൈറ്റ് എയര്‍വെയിസിലെ ഉദ്യോഗസ്ഥനായ അരുണ്‍കുമാറിന്റെയും കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയായ വര്‍ഷയുടെയും മകളാണ് ശ്രേയ.