മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം: കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാന്‍ തീരുമാനിച്ചു.

നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും  മുനിസിപ്പാലിറ്റിയില്‍ 75 സെന്‍റിലധികവും  കോര്‍പ്പറേഷനില്‍ 50 സെന്‍റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.

മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്‍റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്‍റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.

സംസ്ഥാന സര്‍വ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും  പൊതുവിഭാഗത്തിലെ څസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെچ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ പരിശോധനാസെല്‍ ഉണ്ടാകും.

പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും  തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും.

അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.സി.സി., എന്‍.എസ്.എസ്., എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവډാരും ഡയറക്ടറേറ്റിന്‍റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്‍റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.

ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.

നിയമനങ്ങള്‍

പി.ഡബ്ല്യൂ. ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സിങിനെ ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. മൃഗസംരക്ഷണ – ക്ഷീര വകുപ്പിന്‍റെ അധിക ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.
ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക്  പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
അവധികഴിഞ്ഞ് തിരിച്ചെത്തുന്ന ഹരിത വി. കുമാറിനെ പൊതുഭരണവകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിന്  ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെയും സിവില്‍സപ്ലൈസ് കമ്മിഷണറുടെയും അധിക ചുമതല നല്‍കി.

മൊറട്ടോറിയം നീട്ടാന്‍ അപേക്ഷിക്കും

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണമണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ കഴിയുംവിധം 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍  ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ പൊള്ളലേറ്റു മരണപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍  പി. പ്രകാശിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോ ലിമിറ്റഡിന്‍റെ പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 80 പോലീസ് സേനാംഗങ്ങളുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകള്‍ അനുവദിക്കുന്നത്.