പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോക കേരള സഭയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭയിൽ രണ്ടാം ദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തെ കലയാക്കി മാറ്റിയ സമൂഹമാണ് മലയാളികളുടേത്. നമ്മുടെ സംസ്‌കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയവയുടെ കൂട്ടായ്മയുണ്ടാകണം. സാമ്പത്തിക സാധ്യത മാത്രമല്ല, സാങ്കേതിക ജ്ഞാനം, അനുഭവങ്ങൾ, പ്രായോഗികമായ അറിവുകൾ തുടങ്ങിയവ കേരളത്തിലേക്ക് സ്വാംശീകരിക്കാനാകണം. എല്ലാം ചേർന്നുള്ള നവകേരളമാണുണ്ടാകേണ്ടത്.

മലയാളി സ്വത്വം, പ്രവാസത്തിന്റെ സാധ്യത, നവകേരളം എന്നിവ മുൻനിർത്തിയാകണം നീങ്ങേണ്ടത്. ജനാധിപത്യത്തിന്റെ വളർച്ച പൊതുസമൂഹത്തിന്റെ വളർച്ചയെ കൂടി അടിസ്ഥാനമാക്കിയാണ്. ഇതൊരു ചർച്ചാവേദി മാത്രമല്ല, നിർദേശങ്ങളുണ്ടാകാനും അവ പ്രായോഗികതലത്തിൽ എത്തിക്കാനുമുള്ള വേദിയാണിതെന്ന് സ്പീക്കർ പറഞ്ഞു. എല്ലാ വൈജാത്യങ്ങളെയും മറികടന്ന് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.