പ്രവാസ സമൂഹത്തിലെ വനിതകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ലോക കേരള സഭ പ്രത്യേകം അഭിസംബോധന ചെയ്യണം എന്ന് ശക്തമായ ആവശ്യം. സമ്മേളനത്തിന്റെ രണ്ടാം ദിവസം മേഖലതിരിച്ചുള്ള ചർച്ചയിൽ യു.എ.ഇ വിഭാഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.

ബിസിനസ് തകർച്ച നേരിടുന്ന ഘട്ടത്തിൽ കുടുംബ പ്രശ്‌നങ്ങൾക്ക്് ഒപ്പം സാമ്പത്തിക ബാധ്യതയും സ്ത്രീകൾ ഒറ്റയ്ക്ക് നേരിടേണ്ടിവരുന്നു. വിസ പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പലവിധ കാരണങ്ങളായിൽ ഗാർഹിക പീഡനങ്ങളും വർധിക്കുന്നു. മാധ്യമരംഗത്തും സാമൂഹ്യ സന്നദ്ധ മേഖലയിലും നി്ന്നുള്ള നിരവധി ലോക കേരള സഭ അംഗങ്ങളാണ് ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചത്.

വനിതകൾക്കായി നോർക്കയിൽ ഹെൽപ്പലൈൻ തുടങ്ങണമെന്നും കൗൺസിലർമാരുടെ സഹായം ലഭ്യമാക്കണം എന്നും അവർ ആവശ്യപ്പെട്ടു. പ്രശ്നങ്ങളിൽ അകപ്പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കണം എന്നും നിർദേശമുയർന്നു.
പ്രവസികൾ നേരിടുന്ന മറ്റു നിരവധി പ്രശ്നങ്ങളും സമ്മേളന ചർച്ചയിൽ ഉയർന്നുവന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങാത്തത്, അവധിക്കാലത്തെ വിമാനയാത്രക്കൂലി വർധന, നഴ്സിങ് ഡിപ്ലോമയുടെ അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങൾ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ സർവ്വകലാശാലകൾ വരുത്തുന്ന കാലതാമസം, ഷിപ്പിങ് സർവ്വീസ് ആരംഭിക്കുന്നത് തുടങ്ങിയ വിവിധ വിഷയങ്ങളും ചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ചു. മന്ത്രിമാരായ കെ.ടി ജലീൽ, പി തിലോത്തമൻ, ടി.പി രാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.