പ്രവാസികളുടെ സമ്പാദ്യത്തിന് മികച്ച ലാഭം നൽകുന്ന വിധത്തിൽ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലോക കേരള സഭയിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി നിക്ഷേപ പദ്ധതി, പ്രവാസി ചിട്ടി, ഡയസ്പോറ ബോണ്ട്, ജില്ലാ ബാങ്ക്, പ്രവാസി സഹകരണ സംഘം, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ മന്ത്രി ചർച്ചയിൽ വിശദീകരിച്ചു. പ്രവാസി മലയാളികളിൽ നിന്ന് ഓഹരി മൂലധനം സ്വീകരിച്ചുകൊണ്ട് രൂപീകരിച്ച എൻ.ആർ.ഐ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പ്രവാസി നിക്ഷേപ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്കായി മൂല്യവർധിത സേവനങ്ങളോടെ ഓൺലൈനായി കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് പ്രവാസി ചിട്ടി ഏർപ്പെടുത്തിയിരിക്കുന്നത്. ഡയസ്പോറ ബോണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് എട്ട് ശതമാനം വാർഷിക പലിശയും അഞ്ച് വർഷ മെച്യൂരിറ്റി കാലാവധിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കിഫ്ബി വഴി നടപ്പാക്കുന്ന ഡയസ്പോറ ബോണ്ട് മുഖേന 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒന്നര ലക്ഷം കോടി രൂപ വരുന്ന കേരളത്തിലെ പ്രവാസി നിക്ഷേപത്തിന്റ വലിയ ഒരു ഭാഗം കേരള ബാങ്കിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും അതിലൂടെ 50,000 കോടി രൂപയുടെ നിക്ഷേപം എങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം വഴിയും വിപുലമായ നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയും. എൻ.ആർ.ഐ ഇൻവെസ്റ്റ്മെന്റ് കമ്പനികൾക്കോ, പ്രവാസികൾക്ക് ഒറ്റയ്ക്കോ ംസ്ഥാനത്തെ ടൂറിസം വികസന പദ്ധതികളിൽ പങ്കാളികളാകാൻ കഴിയുമെന്ന്് ചർച്ചയിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ സംരംഭമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി ഫ്രാഞ്ചൈസിയോ സ്പോൺസറോ ആകുന്നതിന് പ്രവാസികൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഏതു പുതിയ സംരംഭത്തിനും അതിന്റെ വിജയസാധ്യത കൂടി കണക്കിലെടുത്ത് സ്വകാര്യസംരംഭകർക്കും പ്രവാസികൾക്കും മുതൽമുടക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.