പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമാണ്  മീനും പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍  എന്തു ചെയ്യുമെന്ന്? അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം.
കണ്ടംകുളം  ജൂബിലി ഹാളില്‍ നടന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു ആദ്യ വില്പന നടത്തി. ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത അധ്യക്ഷത വഹിച്ചു. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ഡിസ്പോസബിള്‍ പാത്രങ്ങള്‍ക്ക് പകരമുള്ള പ്ലേറ്റുകളും ഗ്ലാസുകളും പാത്രങ്ങളും പ്ലാസ്റ്റിക് കവറുകള്‍ പോലുളള കവറുകളും പ്രദര്‍ശനത്തില്‍ കാണാം. കരിമ്പ് ചോളം എന്നിവ അരച്ച് തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കിന് സമാനമായ ഈ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉപയോഗിച്ച് കഴിഞ്ഞാല്‍ വെള്ളത്തില്‍ അലിയിച്ചു കളയാം എന്നതാണ് ഈ കവറിന്റെ പ്രത്യേകത. ഒരു കിലോ കവറിന് 400 രൂപ മുതലും പ്ലേറ്റുകള്‍ക്ക് ഒന്നിന് 8 രൂപ മുതലുമാണ് വില. പ്ലാസ്റ്റിക് ടൂത്ത് ബ്രഷിന് പകരം മുളകൊണ്ട് നിര്‍മ്മിച്ച ബ്രഷും  ഉപയോഗിച്ച് പേപ്പറുകള്‍ പുനചംക്രമണം നടത്തി നിര്‍മ്മിച്ച നോട്ട് പുസ്തകങ്ങളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
വൃക്ഷത്തൈകള്‍ നടുന്നതിനായി പാളക്കവറുകളും മേള പരിചയപ്പെടുത്തുന്നു. മൂന്നുവര്‍ഷം വരെ ഇവ ഉപയോഗിക്കാന്‍ സാധിക്കും. വിവിധതരം തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍, പാള പ്ലേറ്റ്, പേപ്പര്‍ പേനകള്‍, മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍,  പേപ്പര്‍ സ്ട്രോ, ചണം ഉത്പന്നങ്ങള്‍, തുണികൊണ്ടുള്ള ബാഗുകള്‍, സ്പൂണിന് പകരമുള്ള ജൈവ ഉത്പ്പന്നം, കരിമ്പിന്‍ ചണ്ടി കൊണ്ടുള്ള പ്ലേറ്റ്, ഗ്ലാസ്, വി സ്‌മൈല്‍ വൊക്കേഷണല്‍ ട്രെയിനിങ് ആന്‍ഡ് പ്ലേസ്മെന്റ് സെന്ററിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗ്, ഫയല്‍, പേപ്പര്‍ പെന്‍, ചവിട്ടി  എന്നിവയും പ്രദര്‍ശനത്തില്‍ ഉണ്ട്.
ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ കുടുബശ്രീ യൂണിറ്റുകള്‍, സ്വയംസംരഭക ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
സബ്കലക്ടര്‍ ജി പ്രിയങ്ക, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ കൃഷ്ണകുമാരി, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശന്‍, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഫെമി ടോം, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ നിയാസ്, ഹരിയാലി ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വമിഷന്‍ ജീവനക്കാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളില്‍ എക്സിബിഷന്‍ നടത്തും.