വസന്തോത്സവം കൂടുതൽ ജനകീയമാകുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

**രണ്ടേകാൽ ലക്ഷം പേർ സന്ദർശിച്ചു
**വരുമാനത്തിന്റെ 10 ശതമാനം ദുരിതാശ്വാസ നിധിയിലേക്ക്

കനകക്കുന്നിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം പുഷ്പമേള സമാപിച്ചു. പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള സന്ദേശം നൽകുന്നതായിരുന്നു തലസ്ഥാനത്തെ വസന്തോത്സവമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഓരോ വർഷം പിന്നിടുമ്പോഴും  ഇത് കൂടുതൽ ജനകീയമാവുകയാണ്.

വസന്തോത്സവത്തിലൂടെ ഗോത്ര വംശീയ ചികിത്സാ രീതികൾ പുറംലോകത്തെത്തിക്കാനായത് അഭിമാനകരമാണ്.  രണ്ടേകാൽ ലക്ഷം പേർ പുഷ്പമേള ആസ്വദിച്ചു. ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ച വരുമാനത്തിന്റെ പത്തുശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൽ വിനോദസഞ്ചാരികളെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നും അവശ്യ സർവ്വീസുകളുടെ കൂട്ടത്തിൽ വിനോദ സഞ്ചാരത്തെയും പരിഗണിക്കുമെന്നും മന്ത്രി  പറഞ്ഞു.

സമാപന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, കെ.ടി.ഐ.എൽ. ചെയർമാൻ കെ.ജി.മോഹൻലാൽ,  നഗരസഭാ കൗൺസിലർ പാളയം രാജൻ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ,ഡോ.എസ്.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.