പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നേത്യത്വം നല്‍കി മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ നടത്തുന്ന അക്കാദമികവും ഇതരവുമായ പ്രവര്‍ത്തനങ്ങളാണ് ‘ സഫലം’. പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ പത്തനംതിട്ട  ‘ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായുളള എസ്.ആര്‍.ജി കണ്‍വീനര്‍മാരുടെ ജില്ലാതല പരിശീലനം പുല്ലാട് ബി.ആര്‍.സി യില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനില ബി.ആര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിബു കുറ്റപ്പുഴ സഫലം കൈപ്പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ചു. ബി.പി.ഒ ഷാജി.എ.സലാം സ്വാഗതവും സി.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍ എസ്. ഹരികുമാര്‍ നന്ദിയും പറഞ്ഞു.
അടുത്ത അക്കാദമിക് വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുക, കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ പരിപോഷിപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക, വിദ്യാലയങ്ങളിലെ അക്കാദമിക മികവ് ഉറപ്പ് വരുത്തുക, കുട്ടികളുടെ കഴിവുകളേയും മികവുകളേയും പൊതു സമൂഹവുമായി വിനിമയം ചെയ്യുക, സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സക്രിയ ജനപങ്കാളിത്തം ഉറപ്പാക്കുക, മേല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും വിധം അധ്യാപകര്‍ അടക്കമുളള സ്‌കൂള്‍ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍ക്കുളള പരിശീലനത്തിന് ബി.പി.ഓ ഷാജി.എ.സലാം, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.ഹരികുമാര്‍, ആര്‍ സ്നേഹലത പണിക്കര്‍ എന്നിവര്‍ നേത്യത്വം നല്‍കി.