റോഡ് സുരക്ഷാ നിയമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. ഇതിനായി കൈപ്പുസ്തകം തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.

റോഡ് സുരക്ഷാ പരിശോധനകളും നടപടികളും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്.  സര്‍ക്കാരിന് വരുമാനമുണ്ടാക്കാനാണോ ഇത്തരം പരിശോധനകള്‍ എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. വരുമാനമുണ്ടാക്കാനുള്ള ഉപാധിയായി സര്‍ക്കാര്‍ ഇതിനെ കാണുന്നില്ല. കുറ്റകൃത്യങ്ങളും അപകടങ്ങളും കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനാരീതികളിലേക്ക് കൂടുതലായി മാറുകയാണ്. ഇന്റര്‍സെപ്റ്റര്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അതിനാണെന്നും മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങളില്‍ പ്രധാന വില്ലനാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. നടപടികളും ശക്തമായ ബോധവല്‍ക്കരണവും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.