റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മുഖ്യമന്ത്രി       പിണറായി വിജയന്‍ കണ്ണൂരില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത. ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്‌റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്.

അമിത വേഗത കണ്ടെത്താനുള്ള സ്പീഡ് ഹണ്ടറിന് 1.5 കിലോ മീറ്റര്‍ പരിധിയിലെ വാഹനങ്ങളുടെ വേഗത അളക്കാനാകും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉകരണവും ( ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നേഷന്‍ സിസ്റ്റം) ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്. ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാല്‍ ആ വാഹനത്തെ നേരിട്ട് കരിമ്പട്ടികയില്‍ പെടുത്താന്‍ ഇതുവഴി സാധിക്കും. ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ വയര്‍ലെസ് സംവിധാനം വഴി ഓഫീസിലെ സെര്‍വറുമായി നിരന്തരം ബന്ധപ്പെടാനും സാധിക്കുമെന്നതാണ് പ്രത്യേകത.

ഓരോ ജില്ലകള്‍ക്കും സംസ്ഥാനത്തെ മൂന്ന് റൂറല്‍ പൊലീസ് ജില്ലയ്ക്കുമായാണ് 17 ഇന്റസെപ്റ്റര്‍ വാഹനങ്ങള്‍ വിതരണം ചെയ്യുക. ഒരു വാഹനത്തില്‍ ഈ ഉപകരണങ്ങള്‍ സെറ്റ് ചെയ്യുന്നതിന് 25 ലക്ഷം രൂപയാണ് ചെലവ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധന കേന്ദ്രങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കാണ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ആദ്യപടിയായാണ് ആധുനിക സംവിധാനത്തോടെയുള്ള ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ രംഗത്തിറങ്ങുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.