മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആടയാഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം മൂന്നാംദിവസം വൈകുന്നേരം ശബരിമലയിലെത്തിച്ചേരും.
പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ ലിസ്റ്റ് ഞായറാഴ്ച രാത്രി ദേവസ്വം അധികൃതരെ ബോധ്യപ്പെടുത്തി പേടകങ്ങള്‍ അടച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മുറി തുറന്ന് ആഭരണങ്ങള്‍ പുറത്തെടുത്തു. ആഭരണപ്പെട്ടികള്‍ തലയിലേറ്റുന്ന 24 അംഗങ്ങളേയും രാജപ്രതിനിധി ഭസ്മം നല്‍കി അനുഗ്രഹിച്ചു. 4.30-ന് കര്‍പ്പൂര ആഴിയുടെ അകമ്പടിയില്‍ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്നുവച്ചു.
11.45ന് തിരുവാഭരണ മാളികയിലെത്തിയ ഇളയ തമ്പുരാന്‍ ചതയം നാള്‍ രാമവര്‍മ്മരാജ തിരുവാഭരണ വാഹകരെയും പല്ലക്കു വാഹകരെയും ഭസ്മം നല്‍കി അനുഗ്രഹിച്ചു. 11.50ന് വലിയതമ്പുരാനെയും രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ് കുമാര്‍  വര്‍മ്മയേയും വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 12ന് ക്ഷേത്രത്തില്‍ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകളാരംഭിച്ചു. മേല്‍ശാന്തി ശ്രീകോവിലില്‍ പൂജിച്ച ഉടവാള്‍ വലിയ തമ്പുരാന് നല്‍കി. വലിയതമ്പുരാന്‍ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാള്‍ കൈമാറി അനുഗ്രഹിച്ചു. 12.50ന് തിരുവാഭരണങ്ങള്‍ പെട്ടികളിലാക്കി. മേല്‍ശാന്തി നീരാജനമുഴിഞ്ഞു.
രാജപ്രതിനിധിയും പരിവാരങ്ങളും ക്ഷേത്രത്തിനു പുറത്തിറങ്ങി രാജരാജശേഖര മണ്ഡപത്തിനു മുമ്പില്‍ ഒരുക്കിയിരുന്ന പല്ലക്കിലേറി യാത്രതിരിച്ചു. കൃത്യം ഒരുമണിക്കുതന്നെ തിരുവാഭരണ പേടകങ്ങള്‍ ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ഘോഷയാത്ര പുറപ്പെട്ടു.
തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയില്‍ ശിവന്‍പിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും ശിരസിലേറ്റി. ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ഘോഷയാത്രയെ അനുഗമിച്ചു.
തിരുവാഭരണ പാതയില്‍ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാംദിവസം ഘോഷയാത്രാസംഘം ളാഹ വനം വകുപ്പ് സത്രത്തില്‍ തങ്ങും. മൂന്നാംദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സ്വീകരിക്കും. സന്നിധാനത്തെത്തി ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഘോഷയാത്രയ്ക്കൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജപ്രതിനിധി മൂന്നാംദിവസം മലകയറി ദര്‍ശനം നടത്തും. കളഭവും കുരുതിയും കഴിഞ്ഞ് നടയടച്ച് താക്കോല്‍ ഏറ്റുവാങ്ങി വരും മാസ പൂജകള്‍ക്കായി താക്കോല്‍ മേല്‍ശാന്തിക്ക് കൈമാറിയശേഷമാണ് രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.