റോഡ് സുരക്ഷാ അതോററ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി.  വാരാഘോഷത്തിന്റെ  ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.
ഈ മാസം 17വരെയാണ് സുരക്ഷാ വാരാചരണ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറക്കാനും മെച്ചപ്പെട്ട റോഡ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടാണ് റോഡ് സുരക്ഷ, ജീവന്‍ രക്ഷ,നിരത്തിലെ ജാഗ്രത കുടുംബത്തിന്റെ സുരക്ഷക്ക് തുടങ്ങിയ സന്ദേശങ്ങളാണ് പരിപാടിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ട് വയ്ക്കുന്നത്.വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.അടിമാലിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി ആര്‍ സജീവ് അധ്യക്ഷത വഹിച്ചു.ഉദ്യോഗസ്ഥരായ വി ജെ വിജി, ശങ്കരന്‍ പോറ്റി,വി പി സക്കീര്‍,പഞ്ചായത്തംഗങ്ങളായ എം പി വര്‍ഗ്ഗീസ്, ഇപി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.