സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, നീതി നിഷേധം, വീടുകളിലേയും ജോലി സ്ഥലത്തേയും ശാരീരിക – മാനസിക പീഡനങ്ങൾ എന്നിവ സംബന്ധിച്ച് നൽകുന്ന പരാതികൾ അർഹമായ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പൊലീസും ഓഫീസ് മേധാവികളും പരിഗണിക്കാത്തത് അതീവ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നതെന്ന് വനിതാ കമ്മീഷൻ അംഗങ്ങളായ ഷാഹിദ് കമാൽ, ഇ.എം. രാധ എന്നിവർ പറഞ്ഞു. കലക്‌ട്രേറ്റ് സമ്മേളന ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പെരുമ്പടപ്പിൽ കാൻസർ രോഗിയായ വിധവ പണം കൊടുത്ത് വാങ്ങിയ വീട്ടിലേക്ക് വാഹനം പോകുന്നതിനുള്ള വഴി സ്ഥലം നൽകിയ ആൾതന്നെ അടക്കുകയും മറ്റ് പല വിധത്തിൽ ബുദ്ധിമുട്ടിക്കുകയും ചെയ്തത് സംബന്ധിച്ച് പൊലീസിൽ നൽകിയ പരാതി സ്ഥലം എസ്.ഐ ഗൗരവത്തിലെടുത്തില്ലെന്നും പരാതിക്കാരിക്ക് നീതി ലഭ്യമാക്കാൻ ശ്രമിച്ചില്ലെന്നും കമ്മീഷന് ബോധ്യപ്പെട്ടു. ഈ പരാതിയിൽ സത്യസന്ധമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരൂർ ഡി.വൈ.എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. എസ്.ഐക്ക് എതിരെയുള്ള പരാതി കമ്മീഷൻ അടുത്ത സിറ്റിങിൽ പരിഗണിക്കും.
തനിക്കും നാല് മക്കൾക്കും വിദേശത്തുള്ള ഭർത്താവ് നാലരവർഷമായി ചെലവിന് തരുന്നില്ലെന്ന് കാളികാവ് സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രവാസി സംഘടനകളുടെ കൂടി സഹകരണത്തോടെ ഇടപെടൽ നടത്തും. ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും രണ്ടാം ഭാര്യയെ ഇടക്കിടെ വിദേശത്തേക്ക് കൊണ്ട്‌പോയി താമസിപ്പിക്കുകയും ചെയ്യുന്നതായി യുവതി പരാതിയിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനാധ്യാപകരും സഹപ്രവർത്തകരും അധ്യാപികമാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികൾ കൂടി വരികയാണ്. നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ ഇത് സ്വീകരിക്കുന്നില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. ന്യായമായ പരാതികളിൽ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അടച്ചക്ക നടപടി സ്വീകരിക്കാനാവശ്യപ്പെടും.
മക്കളിൽ നിന്ന് പണം ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് മുൻ സൈനികൻ നൽകിയ പരാതി കമ്മീഷൻ തള്ളി. പരാതിക്കാരന് 25000 രൂപയോളം പെൻഷൻ ലഭിക്കുന്നുണ്ടെന്നും സ്വന്തമായി വീടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. അച്ചൻ എന്ന നിലയിൽ മക്കളോടുള്ള കടമകൾ നിർവ്വഹിക്കുന്നതിൽ പരാതിക്കാരൻ വീഴ്ച വരുത്തിയതായും കമ്മീഷൻ കണ്ടെത്തി.
96 പരാതികൾ പരിഗണിച്ചതിൽ ആറ് എണ്ണം തീർപ്പാക്കി. 88 പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും.
സിറ്റിങിൽ കമ്മീഷൻ അംഗങ്ങൾക്ക് പുറമെ അഡ്വ. രാജേഷ്, വനിതാ കമ്മീഷൻ എസ്.ഐ രമ എൽ, വനിതാ സെൽ എസ്.ഐ ഇന്ദിര, സാമൂഹിക നീതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.