മാനന്തവാടി നഗരസഭയുടെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വലിയ സാമൂഹ്യ മാറ്റത്തിന് വിധേയമാകുന്നതും സാധാരണക്കാര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതത്തിന് വഴിവെക്കുന്നതുമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും നഗരസഭയും  ഏറ്റെടുത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.1106 വീടുകളാണ് നഗരസഭ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഇതിനോടകം പൂര്‍ത്തീകരിച്ചത്.

കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന അദാലത്തില്‍ സിവില്‍ സപ്ലൈസ്,കൃഷി, സാമൂഹ്യനീതി,ഐ.ടി, ഫിഷറീസ്, വ്യവസായം,പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ക്ഷീരവികസനം,ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാശിശുവികസനം, ഗ്രാമവികസനം, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളും,കുടുംബശ്രീ ,ലീഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ഗുണഭോക്താക്കള്‍ക്കായി വിവിധ സേവനങ്ങളൊരുക്കിയിരുന്നു. ആയിരത്തോളം ഗുണഭോക്താക്കള്‍ ആണ് പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍,വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു,ലൈഫ് മിഷന്‍ കോ ഓഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാരദ സജീവന്‍, നഗരസഭ സെക്രട്ടറി കെ.അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.