പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും

വയനാട്: ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ജനുവരി 16 ന് രാവിലെ 9.30 നു കേന്ദ്രം ഉദ്ഘാടനം ചെയ്യും.

നവജാത ശിശു വിദഗ്ദ ചികിത്സയ്ക്കായി ജില്ലയുടെ പുതിയ കാല്‍വെയ്പ്പാണിത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലാ ആശുപത്രിയില്‍ പുതിയ യൂണിറ്റ് നിലവില്‍ വരുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ ആശുപത്രിയില്‍  രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു വേണ്ടിയുള്ള വിശ്രമകേന്ദ്രവും കാത്ത്‌ലാബിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ജില്ലാ ആസ്പത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് രാത്രി വിശ്രമത്തിന് ആശുപത്രി വരാന്തകളാണ് ഇതുവരെ ആശ്രയം. ഇതിനു മാറ്റമായാണ് കെ.കെ രാകേഷ് എം പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും വകയിരുത്തിയാണ് പുതിയ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്.

വിദഗ്ധ ഹൃദ്രോഗ ചികിത്സയും ഇനി ജില്ലാ ആസ്പത്രിയില്‍ താമസിയാതെ ലഭ്യമാകും. ആര്‍ദ്രം പദ്ധതിയില്‍ 50 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.