കണ്ണൂർ: പാനൂര്‍ നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമവും അദാലത്തും സുമംഗലി ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകളുടെ പണി പൂര്‍ത്തീകരിച്ച ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലും, പിഎംഎവൈ ഭവന പദ്ധതിയിലുമായി ഇതിനകം 184 വീടുകളാണ് നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 173 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

പിഎംഎവൈ ഭവനപദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് നല്‍കുന്നത്. ഇതില്‍ രണ്ട് ലക്ഷം നഗരസഭയും 1.5 ലക്ഷം കേന്ദ്രസര്‍ക്കാരും 50,000 രൂപ സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഭവനപദ്ധതിക്കായി നഗരസഭ വകയിരുത്തിയ 10.72 കോടി രൂപയില്‍ 6.53 കോടി രൂപ ഇതിനകം ചെലവഴിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇ കെ സുവര്‍ണ അറിയിച്ചു.

നിലവില്‍ വീട് ലഭിച്ചവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അദാലത്തും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സിവില്‍ സപ്ലൈസ്, സാമൂഹ്യനീതി, റവന്യൂ, ആരോഗ്യം, ഐടി തുടങ്ങി 17 സര#്ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും അദാലത്തില്‍ ലഭ്യമാക്കി. നിരവധി പരാതികള്‍ തത്സമയം പരിഹരിക്കുകയും ബാക്കിയള്ളവ തുടര്‍നടപടികള്‍ക്കായി അയക്കുകയും ചെയ്തു.

സംഗമത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇ കെ സുവര്‍ണ അധ്യക്ഷ വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പ്രീത തുള്ളുവന്‍ പറമ്പത്ത്, കെ എം  ഷമീജ, കെ ടി കെ റിയാസ് മാസ്റ്റര്‍, സുഹറ ടീച്ചര്‍, വിവിധ രാഷ്ട്രീയ നേതാക്കളായ പി സുരേന്ദ്രന്‍ മാസ്റ്റര്‍, പി കെ ശാഹുല്‍ ഹമീദ്, എം പി ബൈജു, രാജേഷ് കൊച്ചിയങ്ങാടി, പി കെ പ്രവീണ്‍, രാമചന്ദ്രന്‍ രോഷ്‌ന തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എ നാസര്‍ സ്വാഗതവും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.