ഭിന്നശേഷിക്കാര്‍ക്കായുള്ള നൂതന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എസ്‌.കെ. എം. ജെ ജൂബിലി ഹാളില്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണവും ബോധവല്‍ക്കരണ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാര്‍ക്കായി വിവിധ നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

കാഴ്ച്ച വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആയിരം സ്മാര്‍ട്ട് ഫോണുകളാണ് കാഴ്ച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പതിനെട്ട് വയസ്സു വരെ കുട്ടികളുടെ പേരില്‍ ഇരുപതിനായിരം രൂപ പ്രതിവര്‍ഷം നിക്ഷേപിക്കുന്ന ഹസ്തദാനം പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍  വിതരണം ചെയ്യുന്ന ശുഭയാത്ര പദ്ധതി എന്നിവയും ഉദാഹരണങ്ങളാണ്. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നേതൃത്വത്തിലും ഭിന്നശേഷിക്കാര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും, സാമൂഹ്യനീതി വകുപ്പും സംയുക്തമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പും ബോധവല്‍ക്കരണവും നടത്തിയത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തിയ ഭിന്നശേഷിക്കാരായ 65 പേര്‍ക്കുള്ള  വിവിധ ഉപകരണങ്ങള്‍  മന്ത്രി വിതരണം ചെയ്തു.  സി.കെ ശശിന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി,  സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.എച്ച് ലെജിന,പച്ചപ്പ് കോ ഓര്‍ഡിനേറ്റര്‍ കെ. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ കേരളം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ കെ.എസ്.എസ്.എം സ്റ്റേറ്റ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം.പി മുജീബ് റഹ്മാന്‍ ക്ലാസെടുത്തു.