ലൈഫ് മിഷനിലൂടെ പുളിക്കീഴ് ബ്ലോക്കില്‍ 304 കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചു: മാത്യു ടി തോമസ് എം.എല്‍.എ
 പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുളിക്കീഴ് ബ്ലോക്കില്‍ 304 കുടുംബങ്ങള്‍ക്കാണ്  വീടുകള്‍ ലഭിച്ചതെന്ന് മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ  ലൈഫ് മിഷന്‍ കുടുംബസംഗമവും  അദാലത്തും  ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമവും വളഞ്ഞവട്ടം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
വെറും ഭവന നിര്‍മ്മാണം മാത്രമല്ല ലൈഫ് മിഷന്റെ ലക്ഷ്യം.
ഗുണഭോക്താക്കള്‍ക്കു സ്വന്തമായി ഉപജീവനം നിര്‍വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിനും സാമൂഹികക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍  ലഭ്യമാക്കുക എന്നതാണു ലൈഫ് മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണു കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചിരിക്കുന്നത്. അദാലത്ത് അവസരങ്ങള്‍ ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തണമെന്നും മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
യോഗത്തില്‍ വില്ലേജ് ഓഫീസര്‍മാരെ പുരസ്‌കാരം നല്‍കി എം.എല്‍.എ ആദരിച്ചു. ജീവനം പച്ചക്കറിതൈയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ മേരി ചെറിയാന്‍,  നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോശാമ്മ മജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗലോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഈപ്പന്‍ കുര്യന്‍, സതീഷ് ചാത്തങ്കേരി, എം.ബി നൈനാന്‍, സുമ ചെറിയാന്‍, ടി.പ്രസന്നകുമാരി, അനുരാധാ സുരേഷ്, അന്നമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ബീനാകുമാരി, അസി. പ്രൊജക്ട് ഓഫീസര്‍ പി.എന്‍ ശോഭന, പുളിക്കീഴ് ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഐ.സന്ധ്യാ ദേവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.