കണ്ണൂർ: നവകേരള നിര്‍മ്മാണം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് പോലുള്ള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്  ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി വീട് ലഭിച്ച  782 കുടുംബങ്ങളാണ് സംഗമത്തില്‍ ഒത്തുകൂടിയത്.

ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ അനുവദിക്കുക മാത്രമല്ല അദാലത്തിലൂടെ  ഗുണഭോക്താക്കളുടെ  അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അത് ഉടന്‍ തന്നെ പരിഹരിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്കും അവരുടെ പ്രശ്‌ന പരിഹാരത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.  അദാലത്തില്‍ ലഭിക്കുന്ന ചെറുതും വലുതുമായ എല്ലാ പരാതികള്‍ക്കും പരിഹാരം കാണണമെന്നും തുടര്‍നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പ്രളയങ്ങളില്‍ വലിയ നാശനഷ്ടങ്ങളും വിവിധ തരത്തിലുള്ള  പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടും എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിച്ച് നവകേരളം സൃഷ്ടിക്കുന്നതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ഐടി, വ്യവസായം, പട്ടികജാതി-പട്ടികവര്‍ഗ്ഗം, ക്ഷീരം, ആരോഗ്യം, റവന്യൂ, വനിതാ-ശിശുവികസനം തുടങ്ങി 20 ഓളം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം  അദാലത്തില്‍ ലഭ്യമാക്കിയിരുന്നു.
പരിപാടിയില്‍ പദ്ധതി നിര്‍മ്മാണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വിഇഒമാരെയും, തൊഴിലുറപ്പ്  പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും അനുമോദിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് വിതരണവും, ഗെയിംസ് ഫെസ്റ്റ് ജേഴ്സി വിതരണവും, 2019ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍  സന്നദ്ധപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കലും  ചടങ്ങില്‍ നടന്നു.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ, വൈസ് പ്രസിഡണ്ട് കെ വി മോഹനന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. ഷീജ സെബാസ്റ്റ്യന്‍ ( അയ്യന്‍കുന്ന്),  ഷിജി നടുപ്പറമ്പില്‍ ( ആറളം) പി പി സുഭാഷ് ( തില്ലങ്കേരി), എം രാജന്‍ (കീഴല്ലൂര്‍), പി പി നൗഫല്‍ ( കൂടാളി)  പിഎയു ജില്ലാ പ്രൊജക്റ്റ് ഡയറക്ടര്‍ വി കെ ദിലീപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ഇരിട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം സുനില്‍കുമാര്‍, സാമൂഹ്യ -രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.