പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പുകള്‍ മുഖേന ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് ഘട്ടങ്ങളിലായി 774 വീടുകളുടെ നിര്‍മ്മാണമാണ് നിലവില്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡണ്ട് കെ പി എം പുഷ്പജ ഉദ്ഘാടനം ചെയ്തു.

അദാലത്തില്‍ ഗുണഭോക്താക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനം ലഭ്യമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, ഗ്യാസ് ഏജന്‍സികള്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴില്‍ വകുപ്പ്, തൊഴിലുറപ്പ് , വ്യവസായ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, പട്ടികജാതി വകുപ്പ്, ആരോഗ്യം, സാമൂഹ്യനീതി, റവന്യൂ വകുപ്പ്,  കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സേവനമാണ് ലഭ്യമായത്.

കൂടാതെ കുടുബശ്രീയുടെ സ്വാന്ത്വനം പദ്ധതിയിലൂടെ ആരോഗ്യ പരിശോധന, ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ വിപണനം, വനിതാ ശിശു വികസന വകുപ്പ് കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും സംഘടിപ്പിച്ചു.