കാക്കനാട്: ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് ) 2021 ന്റെ എറണാകുളം ജില്ലാതല യോഗം ചേർന്നു. രാജ്യത്ത് വിവിധ ജനക്ഷേമ, വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്റെ അടിസ്ഥാനമായ സെൻസസിന്റെ പ്രത്യേകതകളും പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു. സെൻസസുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ആദ്യ ജില്ലാതല യോഗമാണ് എറണാകുളത്ത് ചേർന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ കെട്ടിടങ്ങളുടെ വിവരങ്ങളായിരിക്കും ശേഖരിക്കുക. ഈ വർഷം ഏപ്രിൽ 15ന് കേരളത്തിൽ ആദ്യ ഘട്ട സെൻസസ് തുടങ്ങും. ജനപങ്കാളിത്തം ജനക്ഷേമത്തിന് എന്നതാണ് ഇത്തവണത്തെ സെൻസസിന്റെ മുദ്രാവാക്യം.

ഡിജിറ്റൽ സംവിധാനത്തിലേക്ക് ചുവട് വെക്കുന്നു എന്നതാണ് 2021 സെൻസസിന്റെ സവിശേഷതകളിൽ പ്രധാനം. മൊബൈൽ ആപ്ലിക്കേഷൻ വിവരശേഖരണത്തിനായി ഉപയോഗിക്കും.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ സംസ്ഥാന സെൻസസ് ഡയറക്ടർ ടി. മിത്ര, ജോയിന്റ് ഡയറക്ടർ ജോസ് ടി. വർഗ്ഗീസ്, ഡെപ്യൂട്ടി ഡയറക്ടർ പി. ലക്ഷ്മിക്കുട്ടി, എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ, തഹസിൽദാർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.