എറണാകുളം :പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – ജില്ലയിൽ ആദ്യ ദിനം 187635 കുട്ടികൾക്ക് (90.25 %) തുള്ളിമരുന്ന് നൽകി. 5 വയസ്സിനു താഴെയുള്ള 207913 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രത്യേകം തയ്യാറാക്കിയ 1876 പൾസ് പോളിയോ ബൂത്തുകളിലൂടെയും, 50 മൊബൈൽ ബൂത്തുകളിലൂടെയും, ബസ് സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, എയർപോർട്ട്ലും, മെട്രോസ്റ്റേഷനുകളിലും ഒരുക്കിയ 50 ട്രാൻസിറ്റ് ബൂത്തുകൾ വഴിയുമായാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്. ഇതിൽ ഇതര സംസ്ഥാന കുട്ടികളാണ്. ഇന്നലെ (19/ 1/ 2020 ) ബൂത്തുകളിലെത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ഇന്നും , നാളെയും (ജനുവരി 20 ,21 ) വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ തുള്ളിമരുന്ന് നൽകുന്നതാണ്.

പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ പേരക്കുട്ടിക്ക് നൽകിക്കൊണ്ട് റോജി എം ജോൺ എം.എൽ.എ. നിർവഹിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്. ടി കെ മമതാ, ഐ എ പി മധ്യ കേരളയുടെ സെക്രട്ടറി ഡോക്ടർ നിമ്മി ജോസഫ് എന്നിവരുടെ കുഞ്ഞുങ്ങൾക്കും വേദിയിൽ പൾസ് പോളിയോ നൽകി. മഹാരാഷ്ട്ര സ്വദേശികളുടെ കുഞ്ഞിനും ഉദ്ഘാടനവേദിയിൽ പോളിയോ വാക്സിൻ നൽകി. നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി അധ്യക്ഷത വഹിച്ചു.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ശിവദാസ് സ്വാഗതം ആശംസിച്ചു. റോട്ടറി ക്ലബ്ബിൻറെ ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ വേദിയെ ധന്യമാക്കി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ .കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ മോഹൻ, കൗൺസിലർമാരായ റീത്ത പോൾ, ടി. വൈ. ഏല്യാസ്, ബിജി ജെറി, സിനിമോൾ മാർട്ടിൻ, കെ.ആർ. സുബ്രൻ, ബിനു ബി അയ്യമ്പിള്ളി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സഗീർ സുധീന്ദ്രൻ റോട്ടറി ക്ലബ് അസി. ഗവർണർ ജോജി ഏലൂർ, റിനോ പാറേക്കാട്ടിൽ , ചാൾസ് തയ്യിൽ, ലയൺസ് ക്ലബ് പ്രസിഡൻറ് ബെൽജി എന്നിവർ സംസാരിച്ചു. അങ്കമാലി സ്വദേശിയായ ജോണി പോളിയോ രോഗബാധ യെക്കുറിച്ച് അനുഭവ സാക്ഷ്യം പറഞ്ഞു. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെയും, മോർണിംഗ് സ്റ്റാർ കോളേജിലെയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഹോളി ഫാമിലി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പൊതുജനങ്ങൾ, ആശുപത്രി ജീവനക്കാർ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് നന്ദി പറഞ്ഞു.