പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഹരിതകേരളം-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രദര്‍ശന വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

എ.ഡി.എം. ടി.വിജയന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ദ്വിദിന പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം ഒറ്റയടിക്ക് നടപ്പാക്കുന്നതിനു പകരം പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും ലഭ്യമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു.

പ്രദര്‍ശനത്തില്‍ 22 സ്റ്റാളുകള്‍

വൈവിധ്യവും ഉപയോഗപ്രദവുമായ ഗുണമേന്മയുള്ള നിരവധി ഉത്പന്നങ്ങള്‍ പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. തുണി, പേപ്പര്‍, കയര്‍, ചിരട്ട, മണ്ണ്, പാള, മുള, ചകിരി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുള്ള അവസരമുണ്ട്. വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള പേപ്പര്‍ ക്യാരി ബാഗുകളും തുണിസഞ്ചികളും മേളയില്‍ വിപണനത്തിനുണ്ട്.

മണ്ണാര്‍ക്കാട്, മുതലമട എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക യൂണിറ്റുകളില്‍ പാളയില്‍ നിര്‍മ്മിച്ച വിവിധ വലിപ്പത്തിലുള്ള പാത്രങ്ങള്‍, സ്പൂണുകള്‍ മേളയില്‍ എത്തിച്ചിട്ടുണ്ട്. മുളയില്‍ നിര്‍മ്മിച്ച കുപ്പി, പുട്ടുകുറ്റി, അലങ്കാര വസ്തുക്കള്‍ എന്നിവയും വാങ്ങാം. മുത്തുകളും തൊങ്ങലുകളും പിടിപ്പിച്ച ജൂട്ട് ബാഗുകള്‍ 50 രൂപ മുതല്‍ ലഭ്യമാണ്.

മണ്‍കൂജകളും മണ്‍പാത്രങ്ങളും കറി ചട്ടികളും കയറില്‍ തീര്‍ത്ത ചവിട്ടികളും കാര്‍പെറ്റുകളും മുതല്‍ ചിരട്ടയില്‍ നിര്‍മ്മിച്ച കീചെയിന്‍, പാത്രങ്ങള്‍, ഭസ്മ പാത്രം, തവികള്‍, നെല്‍ക്കതിരിലുണ്ടാക്കിയ അലങ്കാരവസ്തുക്കളും നെറ്റിപ്പട്ടവും വിപണന മേളയിലുണ്ട്. ഇന്ന് (ജനുവരി 21) വൈകിട്ട് അഞ്ചിന് മേള സമാപിക്കും.

ഉദ്ഘാടന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സൈതലവി എന്നിവര്‍ സംസാരിച്ചു.