സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആകെ 2,51,58,205 വോട്ടർമാരുണ്ട്. അവയിൽ 1,20,82,390 പുരുഷൻമാരും 1,30,75,725 സ്ത്രീകളും 115 ട്രാൻസ്ജന്റേഴ്‌സും ഉൾപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. www.lsgelection.kerala.gov.in ലും പട്ടിക ലഭ്യമാണ്.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. പേര് ഉൾപ്പെടുത്തുന്നതിനും തിരുത്തൽ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in  ലാണ് സമർപ്പിക്കേണ്ടത്.

വിവിധ സ്ഥാപനങ്ങളിലെ വോട്ടർമാരുടെ വിവരങ്ങൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ആകെ വോട്ടർമാർ എന്ന ക്രമത്തിൽ പുരുഷൻമാർ 9398404, 1585668, 1098318, 12082390, സ്ത്രീകൾ 10152800, 1731049, 1191876, 13075725, ട്രാൻസ്ജന്റേഴ്‌സ് 90, 25, 0, 115.