ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളിലൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സമ്മതിദായകരുടെ ദേശീയദിനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ മുന്‍ഗണന നല്‍കണം. ക്യൂ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ അവസരം ഉറപ്പാക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും റാമ്പുകള്‍ ഒരുക്കണം. കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയിലി സംവിധാനമുള്ള വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിക്കണം. മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രയോജനപ്പെടുത്തി യുവാക്കള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപക പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോളേജുകളിലും യൂണിവേഴ്‌സിറ്റകളിലും വോട്ടിംഗ് സാക്ഷരതാ ക്‌ളബുകളും സ്‌കൂളുകളില്‍ വോട്ടിംഗ് കമ്മ്യൂണിറ്റികളും പ്രവര്‍ത്തിക്കുന്നതും പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് ഉള്‍പ്പെടെയുള്ള മത്‌സരങ്ങള്‍ നടത്തുന്നതും നല്ല രീതിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആമുഖവും ഭരണഘടന അനുശാസിക്കുന്ന കടമകളുടെയും മലയാളം പരിഭാഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്ന് നേരത്തെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു. മൗലികാവകാശങ്ങളെക്കുറിച്ചു പറയുമ്പോള്‍ കടമകളെക്കുറിച്ചും ഓര്‍ക്കണം. സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നില്‍ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്യാറുണ്ട്. പ്രതിഷേധങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത ശരിയല്ല.
തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനാണ് തന്റേയും ഭാര്യയുടെയും വോട്ട് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാല്‍ ഉന്നത സ്ഥാനം വഹിക്കുന്ന ചിലര്‍ വോട്ടെടുപ്പ് ദിനത്തില്‍ പങ്കാളികളാവാതെ അതിനെ അവധി ദിനം പോലെ കണ്ട് കുടുംബത്തോടൊപ്പം യാത്രപോകുന്നത് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത കാലയളവില്‍ കണ്ടിട്ടുണ്ട്. ഉന്നത സ്ഥാനങ്ങളിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍ അവ പാലിക്കാനും ബാധ്യസ്ഥരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതിയ വോട്ടര്‍മാരായ ഗൗതം കൃഷ്ണയ്ക്കും നമ്രത എ. നായര്‍ക്കും ഗവര്‍ണര്‍ നല്‍കി. തിരഞ്ഞെടുപ്പ് ക്വിസില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. സമ്മതിദായക പ്രതിജ്ഞ ഗവര്‍ണര്‍ ചൊല്ലിക്കൊടുത്തു.
സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ. കെ. മാജി, ജില്ലാ കളക്ടര്‍ വാസുകി എന്നിവര്‍ സംസാരിച്ചു.