വീട്ടുപടിക്കലെത്തിയ ജില്ലാ കളക്ടര്‍ക്കു മുന്നില്‍ അവര്‍ മനസു തുറന്നു. നല്ലൊരു വീട്, കുടിവെള്ളം, റേഷന്‍ കാര്‍ഡ് ഇങ്ങനെ പോയി ആവശ്യങ്ങളുടെ നിര. ഇവയില്‍ പലതിനും പരിഹാരത്തിനുള്ള വഴിതുറന്ന് ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ച് അദ്ദേഹം മടങ്ങുമ്പോള്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ കോളനിനിവാസികള്‍ നന്ദിയറിയിച്ചാണ് യാത്രയാക്കിയത്.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ എരുത്വാപ്പുഴ കോളനിയില്‍ നടത്തിയ ഊരിനൊപ്പം എന്ന പരിപാടിയില്‍ ജനപ്രതിനിധികളും  വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും സന്നിഹിതരായി. കോളനിയിലെ  വീടുകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടാണ് അദ്ദേഹം പരിപാടിക്ക് തുടക്കം കുറിച്ചത്.

കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 11.87 ലക്ഷം രൂപ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ കൈമാറി. മാര്‍ച്ച് 31നുള്ളില്‍ പദ്ധതി നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഇതിന് മേല്‍നോട്ടം വഹിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കോളനിയിലെ റോഡ് സൗകര്യം മെച്ചപ്പെടുത്തുന്നതിനും തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയാല്‍ സമയബന്ധിതമായി പദ്ധതികള്‍  നടപ്പാക്കാന്‍ ശ്രമിക്കും.  മേഖലയിലെ ഏഴു കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.

പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ കോളനി നിവാസികള്‍ക്ക് ലഭ്യമാക്കി. കോളനിയിലെ കമ്യൂണിറ്റി ഹാളിന്‍റെ നവീകരണത്തിനുള്ള മൂന്നര ലക്ഷം രൂപ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി.

ഒന്‍പതു പേര്‍ക്ക് പുതിയ ആധാര്‍ കാര്‍ഡുകള്‍ നല്‍കി. മൂന്നു പേരുടെ കാര്‍ഡുകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി. എട്ടു പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡും 22 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും ഏഴു പേര്‍ക്ക് റേഷന്‍ കാര്‍ഡും നല്‍കി. മൂന്നു വരുമാന സര്‍ട്ടിഫിക്കറ്റും നാലു ജാതി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ സ്‌പെഷ്യാലിറ്റികള്‍ ഉള്‍പ്പെടെ വിപുലമായ മെഡിക്കല്‍ ക്യാമ്പില്‍ മൂന്നൂറോളം പേര്‍ക്ക് സേവനം ലഭ്യമാക്കി.  എക്‌സൈസ് വകുപ്പ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അനീഷ് വാഴയില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജേഷ്, പഞ്ചായത്തംഗങ്ങളായ ഇ.കെ. സുബ്രഹ്മണ്യന്‍, ജെസ്‌ന നജീബ്, രജനി ചന്ദ്രശേഖരന്‍, ഐ.ടി.ഡിപി പ്രോജക്ട് ഓഫീസര്‍ സി. വിനോദ് കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ എസ്. വിധുമോള്‍, പുഞ്ചവയല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.