*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു

അന്താരാഷ്ട്ര നിലവാരമുള്ള ബാസ്‌ക്കറ്റ് ബോൾ താരങ്ങളെ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജന കാര്യാലയം മുഖേന നടപ്പാക്കുന്ന ബാസ്‌ക്കറ്റ് ബോൾ പരിശീലന പരിപാടി ഹൂപ്പ്‌സിനു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ: മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു.

വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ, നീന്തൽ, അത്ലറ്റിക്സ് എന്നിവയുടെ പരിശീലനത്തിനായി ഇതിനകം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഫുട്ബോൾ പരിശീലനം നൽകുന്ന കിക്ക് ഓഫ് പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്തെ സ്പോർട്‌സ് സ്‌കൂളിലേക്ക് ആറ്, ഏഴ് ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഫിറ്റ്നസ് സെന്ററുകൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഡൽ സ്‌കൂളിനായി കബഡി മാറ്റ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. ഹൂപ്സ് പദ്ധതിയുടെ ലോഗോയും വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.

ഒൻപതു വയസ്സു മുതൽ 12 വയസ്സുവരെയുളള സ്‌കൂൾ കുട്ടികൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പത്ത് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 40 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകളാണ് ഓരോ പരിശീലന കേന്ദ്രത്തിലും ഉണ്ടാവുക. രണ്ടാംഘട്ടം അടുത്ത സാമ്പത്തിക വർഷം നടപ്പാക്കും. പരിശീലന പദ്ധതി വിലയിരുത്തുന്നതിനും സെന്റർ തലത്തിലും സംസ്ഥാന തലത്തിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പൂനെ, കിന്റർ സ്‌പോർട്‌സ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ അധ്യക്ഷത വഹിച്ചു. അർജുന അവാർഡ് ജേതാവായ  ബാസ്‌ക്കറ്റ് ബോൾ താരം  ഗീതു അന്ന ജോസ് മുഖ്യാതിഥി ആയിരുന്നു. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക്, ഡയറക്ടർ ജെറോമിക് ജോർജ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, വാർഡ് കൗൺസിലർ വിദ്യാമോഹൻ, കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ ബി. അജിത്കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എസ്.എസ്., സ്‌കൂൾ പ്രിൻസിപ്പാൾ ഷാജി എം.പി., ഹെഡ്മാസ്റ്റർ സുരേഷ് ബാബു, പി.ടി.എ. പ്രസിഡന്റ് ഗോപി കെ. തുടങ്ങിയവർ സംബന്ധിച്ചു.