ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാർഥം  സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ ദാസൻ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം നേഹ സക്സേന മുഖ്യാതിഥിയായി.
ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്.
അലങ്കാര പക്ഷികളുടെ പ്രദർശനം, ഫ്ലവർഷോ, മുൻകാല കാറുകളുടെ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, വ്യാപാരമേള, ഒട്ടകസവാരി, ഭക്ഷ്യമേള, പുരാവസ്തുക്കളുടെ പ്രദർശനം, മെഡിക്കൽ എക്സ്‌പോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഫെബ്രുവരി ഒമ്പതിന് മേള സമാപിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൂമുള്ളി കരുണാകരൻ, സി രാധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ വരേക്കൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എൻ ഉണ്ണി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി നന്ദിയും പറഞ്ഞു.