ബേഡഡുക്കയിലെ മാക്കത്തിന് വയസ്സ് 50. പ്രായത്തിന്റെ ആധിക്യത്തിലും ആടു വളര്‍ത്തി ഉപജീവനം നടത്തുകയാണ് ഈ അമ്മ. 23 വര്‍ഷമായി ഒറ്റമുറിയുള്ള ഓലപ്പുരയിലായിരുന്നു മാക്കവും മക്കളും കഴിഞ്ഞത്.

രണ്ട് മക്കളെ പഠിപ്പിക്കാനുള്ള ശേഷി അമ്മയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാക്കത്തിന്റെ മൂത്തമകള്‍ പത്താതരത്തില്‍ പഠനം നിര്‍ത്തി ആട് വളര്‍ത്താന്‍ അമ്മയ്ക്കൊപ്പം കൂടി.ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയിലെ മികച്ച വളണ്ടിയറാണ് അവര്‍. കാറഡുക്ക പഞ്ചായത്തില്‍ പകല്‍ വീടുകള്‍ സജീവമാകുന്നതോടുകൂടി അവര്‍ക്ക് അവിടെ ജോലിയാകും.

ദീര്‍ഘ ദൂര ഓട്ട മത്സരത്തില്‍ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്ന മാക്കത്തിന്റെ മകന്‍ സുകുമാരന്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ പീപ്പിള്‍സ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു പഠിക്കുന്നതിനിടെ വീടിന് പട്ടയം ലഭിക്കാനുള്ള ഓട്ടത്തിനിടയില്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂള്‍ ലെവലില്‍ സുകുമാരന്‍ റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു.

സുകുമാരന്‍ ഇന്ന് കുണ്ടം കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണിയെടുക്കകയാണ്. പട്ടയ മേളയില്‍ ഇവര്‍ക്ക് ബേഡഡുക്കയില്‍ പത്ത് സെന്റ് സ്ഥലം ലഭിച്ചു. ലൈഫ് പദ്ധതിയില്‍ വീടും പൂര്‍ത്തിയായി. ഇനി സുകുമാരന് പഠനം തുടരാം. കായിക മേകലയില്‍ പുതിയ റെക്കോഡുകള്‍ തുറക്കാം. ലൈഫ് ഒരു പുതിയ ജീവിതം നല്‍കുകയാണ് ഈ കുടുംബത്തിന്. ഇവിടെ എല്ലാവരും സന്തുഷ്ടരാണ്.