കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിന് കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. വൈദ്യുതി മന്ത്രി എം.എം മണി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം; ആസ്വദിക്കാനെത്തുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ അടക്കം ടൂര്‍ പാക്കേജുകള്‍ ഒരുക്കിയാല്‍ നിരവധി സഞ്ചാരികള്‍ വരുമെന്ന്  മന്ത്രി എംഎം മണി പറഞ്ഞു. വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച നിരവധിപേര്‍ക്ക് ഉപജീവനമാര്‍ഗവുമാകും. ഹൈഡല്‍ ടൂറിസം പ്രോജക്ടുകളുടെ നടത്തിപ്പ് സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴിലും സമൂഹത്തിന്റെ വികസനത്തിനും വഴിതെളിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

റോഷിഅഗസ്റ്റ്യന്‍ എംഎല്‍എ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. ടൂറിസം ക്ലസ്റ്റര്‍ യാത്ര, ഓഫ്റോഡ് ട്രക്കിംഗ്, ഫാം ടൂറിസം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഹൈടെക്ക് അമ്യൂസ്മെന്റ് പാര്‍ക്ക്, ഉല്ലാസ റൈഡുകള്‍, കോമഡി ഷോ, ഗാനമേള തുടങ്ങി നിരവധി പരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജനുവരി 31ന് ടൂറിസം ഫെസ്റ്റ് സമാപിക്കും. കാമാക്ഷി- മരിയാപുരം പഞ്ചായത്ത്, ഡിടിപിസി  , തങ്കമണി സര്‍വീസ് സഹകരണബാങ്ക്, ഇടുക്കി താലൂക്ക് ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി, കാല്‍വരി മൗണ്ട് ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി, വനസംരക്ഷണ സമിതികള്‍ എന്നിവര്‍ സംയുക്തമായിട്ടാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് കാട്ടുപാലം   യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെഎസ്ആര്‍ടിസ് ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജിമുക്കാട്ട്,  മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ത്രിതല പഞ്ചായത്തംഗങ്ങളായ എസ്.ടി അഗസ്റ്റിന്‍, ഷൈനി മാവേലില്‍, പി.കെ ജനാര്‍ദനന്‍, ഷാജി തോമസ് തയ്യില്‍, ഫെസ്റ്റ് കമ്മിറ്റി രക്ഷാധികാരി ഫാ.  ജോസഫ് തളിപ്പറമ്പില്‍     തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അടക്കം   നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.