പത്തനംതിട്ട: ഓമല്ലൂര്‍ പാടശേഖരത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  കൊയ്ത്ത് ഉത്സവം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി കെ സാം ഉദ്ഘാടനം ചെയ്തു.  യന്ത്രവല്‍ക്കരണം  പ്രോത്സാഹിപ്പിച്ചെങ്കില്‍ മാത്രമേ  ഭാവിയില്‍ കൃഷി ലാഭകരമായ  ഒരു പ്രക്രിയയായി മാറുകയുളളുവെന്നും  അതിനുവേണ്ട  അടിസ്ഥാന സൗകര്യങ്ങള്‍ക്കുളള ഫണ്ട് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്ന് ജെറി കെ സാം പറഞ്ഞു.
ബ്ലോക്കിലെ ഓരോ പ്രദേശത്തെയും  തനത് നെല്‍കൃഷി  ബ്രാന്‍ഡിംഗോടുകൂടി മാര്‍ക്കറ്റ് ചെയ്യുവാനുളള സഹായങ്ങളും   ബ്ലോക്ക് പഞ്ചായത്ത് ചെയ്തു കൊടുക്കും.  ഉമ, ജ്യോതി എന്നീ നെല്ലിനങ്ങളുടെ വിളവെടുപ്പാണ് പാടശേഖരങ്ങളില്‍ നടന്നത്. ഔഷധ നെല്ലിനമായ  ഞവരയുടെ കൊയ്ത്ത് അടുത്ത മാസം ആദ്യത്തോടെ തുടങ്ങും.
പഞ്ചായത്ത് പ്രസിഡന്റ്  ഗീതാ വിജയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു,  മുന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  കെ.എസ്  പാപ്പച്ചന്‍, എന്‍.ശിവരാമന്‍, മെമ്പര്‍മാരായ ബിജിലി പി ഈശോ , ജോണ്‍ വി തോമസ്,ഓമല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യൂ, ബി.ഡി.ഒ രമേശ്, പ്രസന്നകുമാരന്‍ നായര്‍, മോഹനന്‍ നായര്‍ എന്നിവരും പങ്കെടുത്തു.