വര്‍ഷങ്ങളായി കുടിവെള്ള കണക്ഷനുവേണ്ടി കാത്തിരുന്ന റാന്നി പെരുനാട് സ്വദേശികളായ ദമ്പതികള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി നിയമസഭാ സമിതി. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച  സമിതിയിലാണ് കെ.കെ. ഷീല-അജികുമാര്‍ ദമ്പതികള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചത്.
ഭാഗികമായി കാഴ്ചശക്തി ഇല്ലാത്ത ദമ്പതികള്‍ ഐഷാപോറ്റി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ മുമ്പില്‍ അപേക്ഷയുമായി നേരിട്ടെത്തുകയായിരുന്നു. പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അലക്സ് പി. തോമസിന്റെ നേതൃത്വത്തില്‍ കുടിവെള്ള കണക്ഷന്‍ എടുക്കാന്‍ വേണ്ട നടപടികള്‍ ഉടനടി നടത്തുകയായിരുന്നു.
ഇത്തരത്തില്‍ ഉള്ള അഞ്ച് അപേക്ഷകളാണ് സമിതിക്കു മുന്നില്‍ ലഭിച്ചത്. മെഴുവേലി പഞ്ചായത്തില്‍ നിന്നെത്തിയ ദീനാമ്മയുടെ പരാതിയിലും സമിതി നടപടികള്‍ സ്വീകരിക്കുവാന്‍ എ.ഡി.എമ്മിനോട് നിര്‍ദേശിച്ചു. 13 വര്‍ഷമായി അപേക്ഷയുമായി കയറി ഇറങ്ങിയ  ദീനാമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവിന്മേല്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ റീസര്‍വ്വേ നടത്തുവാനും സമിതി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ ടീച്ചറുടെ ട്രാന്‍സ്ഫര്‍ അപേക്ഷയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുവാന്‍ ഡി.എ.പി.എസ് സൊസൈറ്റി നല്‍കിയ അപേക്ഷയിലും നടപടികള്‍ സ്വീകരിക്കുവാന്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി.