പത്തനംതിട്ട: ജില്ലയിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള ‘കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി 29 മുതല്‍ മോണിറ്ററിംഗ് നടത്തുന്നതിന് തീരുമാനിച്ചു. 2019 മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ മാത്രം  വിജയമുള്ള ജില്ലയിലെ 28 സ്‌കൂളുകളിലാണ് മോണിട്ടറിംഗ് നടക്കുക. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ കളക്ടര്‍, ആര്‍.ഡി.ഡി, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, കൈത്താങ്ങ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, മോണിട്ടറിംഗ് സമിതി കണ്‍വീനര്‍ തുടങ്ങിയവരാണ് മോണിട്ടറിംഗിനായി സ്‌കൂളുകളില്‍ എത്തുക.
കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി മോണിട്ടറിംഗ് നടത്തുന്ന അംഗങ്ങള്‍ സംവദിക്കും.   ജില്ലാ പഞ്ചായത്തില്‍ കൂടിയ അവലോകന യോഗത്തില്‍ പ്രസിഡണ്ട് അന്നപൂര്‍ണ്ണാദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. അനിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എലിസബത്ത് അബു, ലീലാ മോഹനന്‍, അംഗങ്ങളായ ടി.മുരുകേശ്, സതികുമാരി, സി.വി വറുഗീസ്, വിനീത അനില്‍, ബിനിലാല്‍, എസ്.വി.സുബിന്‍, സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥനും അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ എം.അഷറഫ്, മോണിട്ടറിംഗ് സമിതി കണ്‍വീനറും അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ പി.ആര്‍.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.