വൈദ്യുതി ബോര്‍ഡും പൊതുജനങ്ങളും തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം കെട്ടിപ്പെടുക്കാനുള്ള ചുവടുവെയ്പ്പാണ് വൈദ്യുതി അദാലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ്ണ വൈദ്യുതികരണത്തിന് പുറമെ ലോഡ് ഷഡിങോ പവ്വര്‍ കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം ഈ സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചുവെന്നും വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും കൂടുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
 വൈദ്യതി മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതല്‍ കരുത്ത് നേടി വൈദ്യുതി ബോര്‍ഡ് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഇതുവരെയുള്ള കാലയളവില്‍  വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. പ്രകൃതി ദുരന്തവും ഓഖിയും പ്രളയവുമെല്ലാം  വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി. അയല്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു.
 കേരളത്തിന് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രം വൈദ്യുതിയാണ്  ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതിയും ഹ്രസ്യകാല ദീര്‍ഘകാല കരാറുകളിലൂടെ നാം വാങ്ങുന്നു.ഈ പരിമിതികള്‍ക്കിടയിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണപ്രവവര്‍ത്തി പൂര്‍ത്തിയാക്കി. ഓരോ ദിവസവും വൈദ്യുതിയുടെ ആവശ്യം വര്‍ധിച്ചു വരികയാണ്. ഭാവിയിലുണ്ടാകാനിടയുള്ള ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് അതിനെ മറി കടക്കാന്‍ നാം കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കുകയാണ്.
ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സൗരോര്‍ജത്തില്‍ നിന്നും കൂടുതല്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കും. 200 മെഗാവാട്ട് ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.1000 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും നടന്നു വരികയാണ്. ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പുറമെ പൊതുജനങ്ങള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഇതുപോലുള്ള അദാലത്തുകളിലൂടെ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.