കണ്ണൂർ: കാട്ടാമ്പള്ളി പ്രദേശത്ത് അനധികൃതമായി മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന കുറ്റിവലകള്‍ അധികൃതര്‍ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ്, റവന്യൂ, പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കാട്ടാമ്പള്ളി ഡാമിന് സമീപത്തെ 38 കുറ്റിവലകള്‍ നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കള്ളിയകലം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് നടത്തുന്ന അനധികൃത മീന്‍ പിടിത്തത്തിനെതിരേ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നേരത്തേ പരാതികള്‍ നല്‍കിയിരുന്നു. കുറ്റിവലകളില്‍ ചെറിയ മീനുകള്‍ കുടുങ്ങുന്നത് മല്‍സ്യ സമ്പത്തിനെ സാരമായി ബാധിക്കുമെന്നു കാണിച്ചായിരുന്നു ഇത്.

കുറ്റിവലകള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് 32 പ്രദേശവാസികള്‍ നല്‍കിയ അപേക്ഷകള്‍ 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമപ്രകാരം ഫിഷറീസ് ഡയരക്ടര്‍ കഴിഞ്ഞ മാസം നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗത്തില്‍ അടിയന്തരമായി കുറ്റിവലകള്‍ നീക്കം ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു.

കുറ്റിവലകള്‍ നീക്കം ചെയ്യുന്നതു മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള വിവിധ മല്‍സ്യകൃഷി പദ്ധതികളില്‍ ചേരാമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി. ബുധനാഴ്ച രാവിലെ തുടങ്ങിയ നീക്കം ചെയ്യല്‍ പ്രവൃത്തി വൈകിട്ട് 3.30 വരെ നീണ്ടു.

ഉത്തര മേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എസ്.സന്തോഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സി കെ ഷൈനി, അസി. ഡയരക്ടര്‍ കെ എ ലബീബ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, വളപട്ടണം സിഐ എം കൃഷ്ണന്‍, മയ്യില്‍ സിഐ പി വി രാജന്‍ തുടങ്ങിയവര്‍ നടപടിക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ അഴീക്കല്‍-മടക്കര പ്രദേശങ്ങളിലെ 30 ലധികം അനധികൃത കുറ്റിവലകള്‍ നീക്കം ചെയ്തിരുന്നു.

2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് പ്രകാരവും 2013 ലെ  ചട്ടപ്രകാരവും സംസ്ഥാനത്ത് പുതുതായി കുറ്റിവലകള്‍ക്ക് രജിസ്‌ട്രേഷനോ ലൈസന്‍സോ അനുവദിക്കുന്നില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. അതിനു മുമ്പുള്ള  നിയമപ്രകാരം രജിസ്‌ട്രേഷനും ലൈസന്‍സും ലഭിച്ചവരോ  യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശികളോ ഉണ്ടെങ്കില്‍ അവ പുതുക്കണമെന്നാണ് നിയമം.

ഈ പ്രവൃത്തി ജില്ലയില്‍ 60 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതുക്കാന്‍ ബാക്കിയുള്ളവര്‍ ഫെബ്രുവരി 28 നകം ഫിഷറീസ് വകുപ്പില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാതെ ഇത്തരം കുറ്റിവലകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ അതുവരെ സ്വന്തം നിലയില്‍ അവ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന കുറ്റിവലകളായി പരിഗണിച്ച് നീക്കം ചെയ്യുന്നതാണ്.

ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ അനധികൃത മത്സ്യബന്ധന പ്രവര്‍ത്തനം തടയുന്നതിനുളള കായല്‍ പട്രോളിംഗ് ശക്തിപ്പെടുത്തി കുറ്റിവലകള്‍ ഉള്‍പ്പെടെയുളള അനധികൃത മത്സ്യബന്ധനം ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടീ ഡയരക്ടര്‍ അറിയിച്ചു.