എടവനക്കാട് : ഓർമ്മ നഷ്ടപ്പെട്ട് കുടുംബത്തിലും സമൂഹത്തിലും അവഗണിക്കപ്പെട്ട രോഗികൾക്ക് ആശ്വാസമേകി ഓർമ്മക്കൂട്ടം വിനോദയാത്ര . എടവനക്കാട് ഇല്ലത്ത്പടിയിൽ സാമൂഹ്യനീതി  വകുപ്പിന്റെ കീഴിൽ  പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം ആന്റ്  മുഴുവൻ സമയ ഡിമെൻഷ്യ പരിചരണ കേന്ദ്രമാണ് കുഴിപ്പിള്ളി ബീച്ചിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത്.
ഇന്ത്യയിലെ തന്നെ ഏക സർക്കാർ മുഴുവൻ സമയ ഡിമെൻഷ്യ  പരിചരണ കേന്ദ്രമാണിത്. 2005 ൽ പ്രവർത്തനം ആരംഭിച്ച ഇവിടെ 20 ഡിമെൻഷ്യ രോഗികളും രണ്ട് വയോജനങ്ങളും ഉൾപ്പടെ 22 അന്തേവാസികളുണ്ട് . ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഡിമെൻഷ്യ രോഗികളെയാണ് സംരക്ഷിക്കുന്നത്.
എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീവൻ മിത്ര യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.  സ്ഥാപനത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. ആത്മയുടെ നേതൃത്വത്തിൽ കുഴിപ്പിളളി ബീച്ചിൽ കലാപരിപാടികളും ഒരുക്കിയിരുന്നു.
വിനോദയാത്ര അന്തേവാസികൾക്ക് ഗുണകരമാകുമെന്ന  മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നിർദേശം കണക്കിലെടുത്താണ്   യാത്ര സംഘടിപ്പിച്ചത്.
അഭ്യുദയകാംക്ഷികളായ സുമനസ്സുകളാണ് യാത്രയ്ക്ക് വേണ്ട വാഹനവും താമസക്കാർക്കുള്ള യൂണിഫോമും ചായയും ലഘുഭക്ഷണവും മറ്റും സ്പോൺസർ ചെയ്തത് . മൂന്നു മണിക്കൂറോളം ബീച്ചിൽ ചെലവഴിച്ച ശേഷമാണ് രോഗികൾ മടങ്ങിയത്.
അൽഷിമേഴ്സ് ആന്റ് റിലേറ്റഡ് ഡിസോർഡർ സൊസൈറ്റി ഓഫ്  ഇന്ത്യ, ഭാരതീയ ചികിൽസാ വകുപ്പിന്റെ അമൃതം പദ്ധതി എന്നിവക്ക് കീഴിൽ ഡിമെൻഷ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിനും ചികിൽസക്കുമായി സോഷ്യൽ വർക്കർമാരെ നിയമിച്ചിട്ടുണ്ട്. മുഴുവൻ രോഗികളുടെ ആരോഗ്യപരിപാലനത്തിനായി ആയുർവേദ ഡോക്ടർമാരുടെയും അറ്റൻഡർമാരുടെയും  സേവനവും കൂടാതെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നിയോഗിച്ച ഒൻപത് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരുടെയും  രണ്ട് അലോപ്പതി നഴ്സുമാരുടെയും സേവനവും അന്തേവാസികൾക്ക് ലഭ്യമാക്കുന്നുണ്ട്. മാനസിക ആരോഗ്യ പരിപാലനത്തിനായി മാസത്തിൽ 2 തവണ മാസിക ആരോഗ്യ വിദഗ്ദന്റെ സേവനവും യോഗ, മ്യൂസിക്ക് തെറാപ്പികളും ചികിൽസയുടെ ഭാഗമായി നൽകുന്നുണ്ട്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി പുരുഷോത്തമൻ , എടവനക്കാട് കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസഫ് താന്നിപിള്ളി, സൂപ്രണ്ട് എം എൻ ബേബി , റേഡിയോ ജോക്കിമാരായ സുരാജ്, അജ്ഞു പീറ്റർ, സോഷ്യൽ വർക്കർമാർ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാർ, നാട്ടുകാർ തുടങ്ങിയവർ വിനോദയാത്രയിൽ പങ്കെടുത്തു.